ഭുവനേശ്വർ : രാജ്യത്തെ കൊവിഡ് വ്യാപനം പഠിക്കുന്നതിന്‍റെ ഭാഗമായി ഭുവനേശ്വറിലെ ഐസിഎംആർ-റീജിണൽ മെഡിക്കൽ റിസർച്ച് സെന്‍റർ നടത്തുന്ന സെറോ സർവേയുടെ നാലാം ഘട്ടം ഒഡിഷയിലെ മൂന്ന് ജില്ലകളിൽ സംഘടിപ്പിക്കും. ഗഞ്ചം, റായഗഡ, കോരാപുട്ട് എന്നീ ജില്ലകളിൽ ജൂൺ 16 മുതൽ ജൂൺ 19 വരെ സർവേ നടത്താനാണ് ഉദ്ദേശിക്കുന്നതെന്ന് സംഘം അറിയിച്ചു.
ഓരോ ജില്ലയിലും പത്ത് ക്ലസ്റ്ററുകളിലായി സെറോ സർവേ നടത്തും. ഇതിന്‍റെ സുഗമമായ നടത്തിപ്പിന് എല്ലാവിധ പിന്തുണയും സഹകരണവും ഐസിഎംആർ-ആർഎംആർസി ടീമിന് നൽകണമെന്ന് ആരോഗ്യ വകുപ്പ് ജില്ല കലക്ടർമാരോട് നിർദേശിച്ചിട്ടുണ്ട്.
Also Read:ഒഡിഷയിൽ 4339 പേര്‍ക്ക് കൂടി കൊവിഡ്; 44 മരണം
ജനസംഖ്യയിൽ എത്ര പേർക്ക് കൊവിഡ് ബാധിച്ചിട്ടുണ്ടെന്നും എത്ര പേർ രോഗമുക്തരായിട്ടുണ്ടെന്നും പരിശോധിക്കുന്നതാണ് സെറോ സർവേ. ഒരു പ്രത്യേക പ്രദേശത്ത് വൈറസിന്‍റെ വ്യാപനം കണക്കാക്കാനാണ് ഇത് നടത്തുന്നത്. അതേസമയം കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്‍റെ കണക്കനുസരിച്ച് ഒഡിഷയിൽ നിലവിൽ 51,681പേരാണ് കൊവിഡ് ചികിത്സയിലുള്ളത്.