ലക്‌നൗ: യുപിയിൽ പൈതൃക സ്വത്ത് കൈമാറുന്നതുമായി ബന്ധപ്പെട്ടുണ്ടായ തർക്കത്തിൽ കർഷകൻ കൊല്ലപ്പെട്ടു. ഉത്തർ പ്രദേശിലെ ബറേലിയിലാണ് സംഭവം. കൊലപാതകവുമായി ബന്ധപ്പെട്ട് മരണപ്പെട്ട ആളിന്‍റെ സഹോദരിയേയും സഹോദരി പുത്രനെയും ഉൾപ്പെടെ നാല് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. ജനുവരി 20നാണ് 50 വയസുകാരനായ ജഗൻനാഥ് യാദവ് കൊല്ലപ്പെട്ടത്. മരണപ്പെട്ട ദിവസം രാത്രി ഭക്ഷണം കഴിച്ച് നടക്കാനിറങ്ങിയ യാദവ് തിരിച്ചെത്താതിനെ തുടർന്ന് ബന്ധുക്കൾ നടത്തിയ തെരച്ചിലിലാണ് അടുത്ത ദിവസം യാദവിന്‍റെ മൃതദേഹം പാടത്ത് നിന്ന് കണ്ടെത്തുന്നത്.
10 തവണ വിവാഹം ചെയ്തിട്ടും കുട്ടികളില്ലായിരുന്ന യാദവ് തന്‍റെ കാര്യങ്ങൾ നോക്കിയിരുന്നു ഒരു യുവാവിന് പൈതൃക സ്വത്ത് നൽകാൻ തീരുമാനിച്ചതാണ് കൊലപാതകത്തിൽ കലാശിച്ചതെന്ന് പൊലീസ് പറയുന്നു. അപരിചിതനായ ഒരാൾക്ക് സ്വത്ത് നൽകാൻ തീരുമാനിച്ചതിൽ പ്രകോപിതരായ സഹോദരിയും മകനുമാണ് കൂട്ടാളികളുടെ സഹായത്തോടെ കൊലപാതകം നടത്തിയത്. സഹോദരി മുന്നി ദേവി, സഹോദരി പുത്രൻ ദർശൻ സിങും സഹായികളായ ദേവ് സിങും പ്രഹ്ലാദുമാണ് പിടിയിലായത്. ഇവരെ കോടതിയിൽ ഹാജരാക്കി ജയിലിലടച്ചതായി പൊലീസ് അറിയിച്ചു.
സഹോദരി പുത്രൻ ദർശൻ സിങ് ഇതിന് മുമ്പ് അമ്മാവനെതിരെ പൊലീസിൽ നൽകിയ പരാതിയിൽ യാദവ് 10 പേരെ വിവാഹം ചെയ്തിട്ടുണ്ടെന്നും അതിൽ അഞ്ച് ഭാര്യമാർ മരിച്ചതായും മൂന്ന് പേർ യാദവിനെ ഉപേക്ഷിച്ച് പോയതായും രണ്ട് പേർ കൂടെ ജിവിക്കുന്നതായും പറഞ്ഞിരുന്നു.