പൂനെ (മഹാരാഷ്‌ട്ര) : മട്ടൺ സൂപ്പിൽ വറ്റ് കണ്ടതിനെ തുടർന്ന് ഹോട്ടൽ ജീവനക്കാരനെ യുവാക്കൾ തല്ലിക്കൊന്നു. പൂനെയിലെ പിംപിൾ സൗദാഗറിലാണ് നടുക്കുന്ന സംഭവം. മങ്കേഷ് എന്ന 19 കാരനാണ് മരിച്ചത്. ഹോട്ടലിലെത്തി ആഹാരം ഓർഡർ ചെയ്‌ത രണ്ട് യുവാക്കൾ ചേർന്നാണ് ഇയാളെ അടിച്ചുകൊന്നത്.
സംഭവത്തിനിടെ യുവാവിന്‍റെ തലയ്ക്കടിയേറ്റിരുന്നു. ഇതാണ് മരണകാരണമെന്ന് അസിസ്റ്റന്‍റ് പൊലീസ് ഇൻസ്പെക്‌ടർ ദിലീപ് പവാർ പറഞ്ഞു. രണ്ട് പ്രതികളും ഒളിവിലാണ്.
ആക്രമണത്തിൽ ഹോട്ടലിലെ ജീവനക്കാരായ അജിത് അമുത് മുത്കുലെ (32), സച്ചിൻ സുഭാഷ് ഭവാർ (22) എന്നിവർക്കും പരിക്കേറ്റു. സിസിടിവി ദൃശ്യങ്ങളിൽ യുവാക്കൾ ഹോട്ടൽ ജീവനക്കാരെ മർദിക്കുന്നത് കാണാം. വിജയ് വാഘിര എന്നയാളാണ് പ്രതികളിൽ ഒരാളെന്ന് തിരിച്ചറിഞ്ഞു.
സംഭവത്തിൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. പ്രതികൾക്കായുള്ള തെരച്ചിൽ ഊർജിതമാണെന്നും പൊലീസ് അറിയിച്ചു.