മാണ്ഡ്യ : 2023ലെ നിയമസഭ തെരഞ്ഞെടുപ്പിൽ ചാമുണ്ഡേശ്വരി മണ്ഡലത്തിൽ നിന്ന് മത്സരിക്കാൻ തയ്യാറല്ലെന്ന് കർണാടക മുൻ മുഖ്യമന്ത്രി സിദ്ധരാമയ്യ. 2018ൽ സിദ്ധരാമയ്യ മത്സരിച്ച് തോറ്റ മണ്ഡലമാണ് മൈസൂരു ജില്ലയിലെ ചാമുണ്ഡേശ്വരി. 2018ൽ മുഖ്യമന്ത്രിയായിരിക്കെ തന്‍റെ സീറ്റായ വരുണ മകൻ ഡോ. യതീന്ദ്ര സിദ്ധരാമയ്യയ്ക്ക് മത്സരിക്കാൻ വിട്ടുനൽകുകയും അദ്ദേഹം ചാമുണ്ഡേശ്വരിയിൽ നിന്ന് മത്സരിക്കുകയുമായിരുന്നു.
എന്നാൽ വരുണയിൽ നിന്ന് മകൻ ജയിച്ചപ്പോൾ ജെഡി(എസ്) നേതാവ് ജി.ടി ദേവഗൗഡയോട് 34,000 വോട്ടിന്‍റെ ഭൂരിപക്ഷത്തിൽ സിദ്ധരാമയ്യ പരാജയപ്പെട്ടു. നാലോ അഞ്ചോ ഇടങ്ങളിൽ നിന്ന് മത്സരിക്കാൻ ആളുകൾ തന്നെ ക്ഷണിച്ചിട്ടുണ്ടെന്നും എന്നാൽ എവിടെ നിന്ന് ജനവിധി തേടണമെന്ന കാര്യത്തിൽ ഇതുവരെ തീരുമാനമെടുത്തിട്ടില്ലെന്നും കോൺഗ്രസ് നേതാവ് സിദ്ധരാമയ്യ മാധ്യമങ്ങളോട് പറഞ്ഞു.
2023ൽ നടക്കുന്ന തെരഞ്ഞെടുപ്പ് നേരത്തെയാകാൻ സാധ്യതയുണ്ടോ എന്ന ചോദ്യത്തിന് അത്തരം വാർത്തകൾ വെറും ഊഹാപോഹങ്ങൾ മാത്രമാണെന്നും മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ ഉൾപ്പടെയുള്ളവർ തള്ളിക്കളഞ്ഞതാണെന്നും മറുപടി നൽകി. എന്നാൽ ഏതെങ്കിലും സാഹചര്യത്തിൽ തെരഞ്ഞെടുപ്പ് നേരത്തേ നടന്നാലും കോൺഗ്രസ് നേരിടാൻ ഒരുക്കമാണെന്നും അദ്ദേഹം പറഞ്ഞു.
നിരവധി ബിജെപി നേതാക്കൾ കോൺഗ്രസിൽ ചേരുമെന്നും അദ്ദേഹം പറഞ്ഞു. തനിക്കും മകനും സീറ്റ് ആവശ്യപ്പെട്ട് ജെഡി(എസ്) എംഎൽഎ ജി.ടി ദേവഗൗഡ തന്നെ സമീപിച്ചിരുന്നു. എന്നാൽ പാർട്ടി ഹൈക്കമാൻഡുമായി ഇതുവരെ ഇക്കാര്യം സംസാരിച്ചിട്ടില്ലെന്ന് അദ്ദേഹത്തെ അറിയിച്ചിട്ടുണ്ടെന്നും സിദ്ധരാമയ്യ പറഞ്ഞു.