ഒട്ടാവ: അടുത്ത വർഷം മുതൽ താത്‌കാലിക അന്താരാഷ്‌ട്ര തൊഴിലാളികളുടെ കുടുംബാംഗങ്ങൾക്ക് വർക്ക് പെർമിറ്റ് വിപുലീകരിക്കുന്ന സുപ്രധാന നീക്കത്തിന് കാനഡ തുടക്കമിട്ടു. ഇന്ത്യൻ പ്രൊഫഷണലുകൾക്കും മറ്റ് വിദേശികൾക്കും വളരെ പ്രയോജനം ചെയ്യുന്നതാണ് പുതിയ നീക്കം. കാനഡയിലെ ഇമിഗ്രേഷൻ, അഭയാർഥി, പൗരത്വ മന്ത്രി സീൻ ഫ്രേസറാണ് മാധ്യമങ്ങളോട് ഇക്കാര്യം അറിയിച്ചത്.
ഇതിന് മുൻപ് പ്രധാന അപേക്ഷകൻ ഉയർന്ന തൊഴിൽ മേഖലയിലാണെങ്കിൽ മാത്രമേ പങ്കാളിക്ക് വർക്ക് പെർമിറ്റിന് അർഹതയുണ്ടായിരുന്നുള്ളൂ. എന്നാൽ തൊഴിൽ മേഖലയിലെ തൊഴിലാളികളുടെ ക്ഷാമം നികത്തുകയും തൊഴിലാളികളുടെ വൈകാരിക ക്ഷേമം, ശാരീരിക ആരോഗ്യം, സാമ്പത്തിക സ്ഥിരത എന്നിവ മെച്ചപ്പെടുത്തുകയെന്ന ലക്ഷ്യത്തോടെയുമുള്ളതാണ് പുതിയ നീക്കം. 2023 ജനുവരി മുതൽ രണ്ടു വർഷ കാലയളവിലേക്കുള്ള താത്‌കാലിക നടപടിയാണിത്.
തൊഴിലാളികളുടെ പങ്കാളിയ്‌ക്കും ജോലി ചെയ്യാൻ യോഗ്യരായിട്ടുള്ള കുട്ടികൾക്കും വർക്ക് പെർമിറ്റ് ലഭിക്കും. ആരോഗ്യ പരിപാലനം, വ്യാപാരം, ഹോസ്‌പിറ്റാലിറ്റി എന്നിവയിലെ തൊഴിലാളികളുടെ കുടുംബങ്ങൾ ഇതിൽ ഉൾപ്പെടും. ഈ സമീപനത്തിലൂടെ രണ്ട് ലക്ഷം വിദേശ തൊഴിലാളികളുടെ കുടുംബങ്ങൾക്ക് കാനഡയിൽ ജോലി ചെയ്യാൻ കഴിയുമെന്നാണ് കണക്കാക്കുന്നത്.