ന്യൂഡൽഹി: ലോകത്തില്‍ അതിവേഗം വളരുന്ന സമ്പദ്‌വ്യവസ്ഥകളിലൊന്നായി ഇന്ത്യയെ മാറ്റുന്നതിനായി ആത്മവിശ്വാസത്തോടെ നിക്ഷേപങ്ങള്‍ നടത്താൻ ആഹ്വാനവുമായി കേന്ദ്ര ധനമന്ത്രി നിര്‍മല സീതാരാമൻ. ഓള്‍ ഇന്ത്യ മാനേജ്‌മെന്‍റ് അസോസിയേഷൻ സംഘടിപ്പിച്ച വ്യവസായ പ്രമുഖരുടെ യോഗത്തില്‍ സംസാരിക്കുകയായിരുന്നു ധനമന്ത്രി. നിക്ഷേപം സുഗമമാക്കുന്നതിന് കോർപ്പറേറ്റ് നികുതി നിരക്ക് കുറയ്ക്കുന്നതുള്‍പ്പടെ നിരവധി നടപടികള്‍ സര്‍ക്കാര്‍ സ്വീകരിച്ചിട്ടുണ്ടെന്നും ധനമന്ത്രി കൂട്ടിച്ചേര്‍ത്തു.
സമ്പദ്‌വ്യവസ്ഥയുടെ മുന്നേറ്റമാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. സമ്പദ്‌വ്യവസ്ഥയുടെ ശേഷി വര്‍ധിപ്പിക്കണമെങ്കില്‍ ആഭ്യന്തര ഉത്പാദനം കൂടണം. സ്വകാര്യ മേഖലയില്‍ കൂടുതല്‍ നിക്ഷേപമുണ്ടാകണമെന്നാണ് ഞങ്ങള്‍ ആവശ്യപ്പെടുന്നതെന്നും നിര്‍മല സീതാരാമൻ പറഞ്ഞു. നിക്ഷേപങ്ങള്‍ ആകര്‍ഷിക്കാൻ 2019 സെപ്റ്റംബറിൽ സർക്കാർ കോർപ്പറേറ്റ് നികുതി നിരക്ക് ഏകദേശം 10 ശതമാനം കുറച്ചിരുന്നു.