ന്യൂഡല്‍ഹി: രാജ്യത്തിന്‍റെ സമ്പദ്‌വ്യവസ്ഥയെ ശക്തിപ്പെടുത്തുന്നതിന്‍റെ ഭാഗമായി 2,65,000 കോടി രൂപയുടെ മൂന്നാം സാമ്പത്തിക പാക്കേജ് പ്രഖ്യാപിച്ച് കേന്ദ്ര സര്‍ക്കാര്‍. എല്ലാവര്‍ക്കും തൊഴില്‍ നല്‍കുക എന്ന പ്രഖ്യാപനം ഇത്തവണത്തെ പ്രഖ്യാപനത്തിലും ആവര്‍ത്തിച്ചിട്ടുണ്ട്. രാജ്യത്ത് കൂടുതൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതിനായി ആത്മനിർഭർ റോസ്ഗാർ പദ്ധതിക്ക് രൂപം നല്‍കി. ഈ പദ്ധതി പ്രകാരം പുതിയ ജോലിയിൽ പ്രവേശിക്കുന്ന ആൾക്ക് കേന്ദ്രം ഇൻസെന്‍റീവ് നൽകും. ഒക്ടോബർ ഒന്നു മുതൽ പദ്ധതി പ്രാബല്യത്തിൽ വരും.
നേരത്തെ പ്രഖ്യാപിച്ച 41,000 കോടിക്ക് പുറമെ പതിനായിരം കോടി രൂപ കൂടി തൊഴിലുറപ്പ് പദ്ധതിയിലേക്ക് അനുവദിച്ചിട്ടുണ്ട്. ലോക്ക് ഡൗണിന് പിന്നാലെ ജനങ്ങള്‍ സ്വന്തം ഗ്രാമങ്ങളിലേക്ക് മടങ്ങിയെത്തിയിട്ടുണ്ട്. തുടര്‍ന്നും സ്വന്തം ഗ്രാമങ്ങളില്‍ നിന്നുതന്നെ ജീവിതമാര്‍ഗം കണ്ടെത്താനുള്ള പദ്ധതികള്‍ ആവിഷ്‌കരിക്കുന്നതിനാണ് തൊഴിലുറപ്പ് പദ്ധതിയ്ക്ക് കൂടുതല്‍ പ്രധാന്യം നല്‍കിയിരിക്കുന്നത്. നഗരങ്ങളിലെ ഭവന നിര്‍മാണ പദ്ധതികള്‍ക്കായി 18000 കോടി രൂപ അനുവദിച്ചിട്ടുണ്ട്. 12 ലക്ഷം വീടുകള്‍ക്കൂടി നിര്‍മിച്ച് 78 ലക്ഷം തൊഴിലവസരങ്ങളുണ്ടാക്കാനാണ് ശ്രമം.
പുതുതായി തൊഴിൽ നല്‍കുന്ന സ്ഥാപനങ്ങളിലെ 15000 രൂപ വരെ ശമ്പളമുള്ള പുതിയ ജീവനക്കാരുടെ രണ്ടു വർഷത്തെ പിഎഫ് വിഹിതം സർക്കാർ അടയ്ക്കും. ചെറുകിട സ്ഥാപനങ്ങളുടെയും സംരംഭകരുടെയും വായ്പ ഗ്യാരന്‍റി പദ്ധതിയുടെ കാലാവധി അടുത്ത വർഷം മാർച്ച് വരെ നീട്ടിയിട്ടുണ്ട്. കര്‍ഷകര്‍ക്ക് വളങ്ങൾക്ക് സബ്‌സിഡിയായി 65,000 കോടി രൂപ നൽകും. കൊവിഡ് വാക്സിൻ വികസിപ്പിക്കാനുള്ള ഗവേഷണ പ്രവര്‍ത്തനങ്ങൾക്കായി 900 കോടി രൂപ വക ഇരുത്തിയിട്ടുണ്ട്. സംരംഭകര്‍ക്ക് അധിക വായ്‌പ നല്‍കാനുള്ള പദ്ധതിയും കേന്ദ്ര സര്‍ക്കാര്‍ പ്രഖ്യാപനത്തിലുണ്ട്.