ഗുവാഹത്തി : കനത്ത മഴയെ തുടര്‍ന്ന് അസമില്‍ വെള്ളപ്പൊക്കം. കച്ചാര്‍ ജില്ലയില്‍ വെള്ളപ്പൊക്കത്തെ തുടര്‍ന്ന് രണ്ട് പേരും മണ്ണിടിച്ചിലില്‍ മൂന്ന് പേരും മരിച്ചു. വെള്ളപ്പൊക്ക കെടുതിയില്‍ 20 ജില്ലകളിലായി 2 ലക്ഷത്തോളം ആളുകളെ മാറ്റി പാര്‍പ്പിച്ചു.
കനത്ത മഴയെ തുടര്‍ന്നുണ്ടായ മണ്ണിടിച്ചിലില്‍ ദിമ ഹസാവോ എന്നീ സംസ്ഥാനങ്ങളുടെ ചില ഭാഗങ്ങള്‍ ഒറ്റപ്പെട്ടു.ഏഴ് ജില്ലകളിലായി 55 ദുരിതാശ്വാസ ക്യാമ്പുകളും ദുരിത ബാധിത ജില്ലകളില്‍ 12 അവശ്യ സാധന വിതരണ കേന്ദ്രങ്ങളും തുറന്നു. ദുരന്ത ബാധിത മേഖലകളില്‍ നിന്നുള്ള 32,959 പേര്‍ ദുരിതാശ്വാസ ക്യാമ്പുകളില്‍ അഭയം തേടി.
24 മണിക്കൂറിനിടെ വിവിധ ജില്ലകളിലെ 16 ഇടങ്ങളില്‍ മണ്ണിടിച്ചിലുണ്ടായി. മേഖലയിലെ നിരവധി റോഡുകളും പാലങ്ങളും തകര്‍ന്നു. ദിമാ ഹസാവോയില്‍ കഴിഞ്ഞ ദിവസമുണ്ടായ ഉരുള്‍പൊട്ടലില്‍ ലുംഡിംഗ്-ബദർപൂർ റെയില്‍വേ സ്റ്റേഷനിലെ രണ്ട് ട്രെയിനുകളിലായി കുടുങ്ങിയ 2,800 യാത്രക്കാരെ സുരക്ഷിതയിടങ്ങളിലേക്ക് മാറ്റുന്ന പ്രവര്‍ത്തി പൂര്‍ത്തിയായെന്ന് ഗുവാഹത്തിയിലെ നോർത്ത് ഈസ്റ്റ് ഫ്രോണ്ടിയർ റെയിൽവേ അറിയിച്ചു.
also read: കനത്ത മഴ : അസം വെള്ളപ്പൊക്ക ഭീഷണിയില്‍, മണ്ണിടിഞ്ഞ് 3 മരണം
ഉരുള്‍ പൊട്ടലിനെ തുടര്‍ന്ന് ദക്ഷിണ അസം, മണിപ്പൂർ, ത്രിപുര, മിസോറാം എന്നിവിടങ്ങളിലേക്കുള്ള ട്രെയിന്‍ സര്‍വീസുകള്‍ നിര്‍ത്തിവച്ചിരുന്നു. ന്യൂ ഹാഫ്‌ലോംഗ് റെയിൽവേ സ്റ്റേഷൻ ഉരുള്‍പൊട്ടലില്‍ പൂര്‍ണമായും തകര്‍ന്നു. ഇതേ തുടര്‍ന്ന് റെയില്‍വേ ട്രാക്കിലുണ്ടായിരുന്ന പാസഞ്ചര്‍ ട്രെയിന്‍ പാളം തെറ്റി.
കനത്ത മഴയിലും പൂര്‍ണമായി തകര്‍ന്ന റെയില്‍ വേ ട്രാക്കുകള്‍ പുനസ്ഥാപിക്കുന്നതിനാല്‍ 18 ട്രെയിനുകള്‍ റദ്ദാക്കിയിട്ടുണ്ട്.