സത്യസായി : ആന്ധ്രാപ്രദേശിലെ സത്യസായി ജില്ലയിൽ തൊഴിലാളികൾ സഞ്ചരിച്ച ഓട്ടോറിക്ഷയുടെ മുകളിലേക്ക് വൈദ്യുതി ലൈൻ പൊട്ടി വീണുണ്ടായ തീപിടിത്തത്തിൽ 5 മരണം. താടിമാരി മണ്ഡലത്തിലെ ചില്ലകൊണ്ടയ്യപ്പള്ളിയിലാണ് സംഭവം. കൃഷിപ്പണിക്കായി അടുത്തുള്ള ഗ്രാമത്തിലേക്ക് പോവുകയായിരുന്ന തൊഴിലാളികളാണ് വെന്തുമരിച്ചത്. ജീവഹാനി സംഭവിച്ചവരെല്ലാം സ്‌ത്രീകളാണ്.
ഗുഡ്ഡംപള്ളിയിൽ നിന്ന് ചില്ലകൊണ്ടയ്യപ്പള്ളിയിലേക്ക് പോവുകയായിരുന്നു തൊഴിലാളികൾ. 13 പേരായിരുന്നു ഓട്ടോറിക്ഷയിലുണ്ടായിരുന്നത്. ഇതിനിടെ ചില്ലകൊണ്ടയ്യപ്പള്ളിയിലെത്തിയപ്പോൾ ഹൈവോൾട്ടേജ് വൈദ്യുതി കമ്പി ഓട്ടോയ്‌ക്ക് മുകളിലേക്ക് പൊട്ടി വീഴുകയായിരുന്നു. നിമിഷങ്ങൾക്കകം ഓട്ടോറിക്ഷയിൽ തീ പടർന്നുപിടിച്ചു.
ഡ്രൈവർ പൊതുലയ്യ ഉൾപ്പടെ എട്ട് പേർ ഉടൻ തന്നെ ഓട്ടോയിൽ നിന്ന് ചാടിയിറങ്ങി. എന്നാൽ മറ്റുള്ളവർ രക്ഷപ്പെടുന്നതിന് മുൻപ് തന്നെ തീ ഓട്ടോറിക്ഷയെ വിഴുങ്ങുകയായിരുന്നു. അപകടം നടന്നയുടൻ സമീപത്തുണ്ടായിരുന്നവരും നാട്ടുകാരും ഇവിടേക്ക് എത്തിയെങ്കിലും തീ ആളിപ്പടർന്നതിനാൽ രക്ഷാപ്രവർത്തനം എളുപ്പത്തില്‍ ഫലവത്തായില്ല.
രക്ഷപ്പെട്ടവരിൽ ഗുരുതരമായി പൊള്ളലേറ്റ ലക്ഷ്‌മി എന്ന സ്‌ത്രീയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്. അതേസമയം പൂർണമായും കത്തിക്കരിഞ്ഞതിനാൽ മൃതദേഹങ്ങൾ തിരിച്ചറിയാനായിട്ടില്ല. മൃതദേഹങ്ങൾ ധർമ്മവരം സർക്കാർ ആശുപത്രിയിലേക്ക് മാറ്റി.