ഹൈദരാബാദ്: റഷ്യയുടെ കൊവിഡ്-19 പ്രതിരോധ വാക്‌സിനായ സ്പുട്നിക് വിയുടെ ആദ്യ സ്റ്റോക്ക് മെയ് അവസാനത്തോടെ ഇന്ത്യയില്‍ എത്തുമെന്ന് ഡോ. റെഡ്ഡീസ് ലബോറട്ടറീസ് അറിയിച്ചു. ഇന്ത്യന്‍ ഡ്രഗ് റെഗുലേറ്ററില്‍ നിന്നും അടിയന്തര ഉപയോഗത്തിന് അനുമതി ലഭിച്ചതിനെത്തുടര്‍ന്നാണ് നടപടി. ആദ്യ ബാച്ചിൽ എത്ര ഡോസ് വാക്സിൻ ഉണ്ടാകുമെന്ന് വ്യക്തമാക്കിയിട്ടില്ല. ഡോക്ടർ റെഡ്ഡീസ് ഗ്രൂപ്പിനാണ് ഇന്ത്യയിൽ വാക്സിൻ വിതരണം ചെയ്യാനുള്ള ചുമതല. ഇന്ത്യയിൽ ഒരു മാസം 50 ദശലക്ഷം ഡോസ് വാക്സിൻ ഉൽപാദിപ്പിക്കാനാണ് ആർ.ഡി.ഐ.എഫ് ലക്ഷ്യമിടുന്നത്.
സ്പുട്നിക് വി വാക്സിന്‍റെ വിതരണത്തിന് അഞ്ച് മുൻനിര ഇന്ത്യൻ നിർമാതാക്കളുമായി റഷ്യൻ ഡയറക്ട് ഇൻവെസ്റ്റ്മെന്‍റ് ഫണ്ട് (ആർ.ഡി.ഐ.എഫ്) രാജ്യാന്തര ധാരണപത്രം ഒപ്പുവെച്ചിട്ടുണ്ട്. ഇതുപ്രകാരം ഒരു വർഷം 850 ദശലക്ഷം ഡോസ് വാക്സിൻ വിതരണമാണ് ലക്ഷ്യം. രാജ്യത്ത് കൊവിഡ് കേസുകളിൽ വൻ വർധന രേഖപ്പെടുത്തിയതോടെയാണ് ഇന്ത്യ സ്ഫുട്നിക് വാക്സിന് അംഗീകാരം നൽകുന്നത്. 60 രാജ്യങ്ങൾ ഇതുവരെ സ്ഫുട്നിക് വാക്സിന് അംഗീകാരം നൽകിയിട്ടുണ്ട്.
റഷ്യയിലെ ഗാമലേയ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് വികസിപ്പിച്ച സ്പുട്നിക് വി ലോകത്തിലെ ആദ്യ കൊവിഡ് വാക്സിൻ ആണ്. 2020 ആഗസ്റ്റ് 11ന് റഷ്യ രജിസ്റ്റര്‍ ചെയ്ത വാക്സിന് ലോകത്തിന്‍റെ വിവിധ ഭാഗങ്ങളിൽ നിന്ന് മികച്ച പ്രതികരണമാണ് ലഭിച്ചിരിക്കുന്നത്. 91.6 ശതമാനം കാര്യക്ഷമത ഈ വാക്‌സിനുണ്ടെന്നാണ് കണക്കാക്കപ്പെടുന്നത്. കൊവിഡ് 19 രണ്ടാം തരംഗം ശക്തിപ്പെടുന്ന സാഹചര്യത്തിൽ ലോകരാജ്യങ്ങള്‍ ഇന്ത്യയിലേയ്ക്ക് സഹായം എത്തിക്കുന്നതിനിടയിലാണ് റഷ്യൻ വാക്സിനും എത്തുന്നത്.
ഇന്ത്യയിലെ കൊവിഡ് 19 സാഹചര്യം ഹൃദയഭേദകമെന്നു വിളിക്കാവുന്നതിലും അപ്പുറമാണെന്നാണ് ലോകാരോഗ്യ സംഘടന കഴിഞ്ഞ ദിവസം വ്യക്തമാക്കിയത്. രാജ്യത്ത് രോഗവ്യാപനം നേരിടാൻ ഓക്സിജൻ ഉള്‍പ്പെടെയുള്ളവ എത്തിക്കാനും അധികമായി ജീവനക്കാരെ വിന്യസിക്കാനും തയ്യാറെടുക്കുകയാണെന്നും ലോകാരോഗ്യ സംഘടന അറിയിച്ചിരുന്നു. റഷ്യൻ സര്‍ക്കാര്‍ അനുമതി ലഭിച്ചാൽ ഇന്ത്യയിലേയ്ക്ക് പത്ത് ലക്ഷം ഡോസ് റെംഡിസിവിര്‍ അയയ്ക്കാൻ തയ്യാറാണെന്ന് റഷ്യൻ മരുന്നുനിര്‍മാണ കമ്പനിയായ ഫാര്‍മസിന്തിസ് കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.
മൂന്നാം ഘട്ട ക്ലിനിക്കൽ പരീക്ഷണം കഴിയുന്നതിന് മുൻപായിരുന്നു റഷ്യൻ സര്‍ക്കാര്‍ വാക്സിന് അനുമതി നല്‍കിയത്. എന്നാൽ പിന്നീട് നടന്ന വിശദമായ ക്ലിനിക്കൽ പരീക്ഷണത്തിൽ വാക്സിന് 97 ശതമാനത്തോളം ഫലപ്രാപ്തിയുണ്ടെന്ന് കണ്ടെത്തിയിരുന്നു. കൊവിഷീൽഡിനും കൊവാക്സിനും ശേഷം ഇന്ത്യ അംഗീകാരം നല്‍കുന്ന മൂന്നാമത്തെ വാക്സിനാണ് സ്പുട്നിക് വി. എന്നാൽ യുഎസോ യൂറോപ്യൻ രാജ്യങ്ങളോ സ്പുട്നിക് ഇതുവരെ അംഗീകരിച്ചിട്ടില്ല.
ഗാം കോവിഡ് വാക് എന്ന കോഡ് നാമത്തിൽ അറിയപ്പെടുന്ന സ്പുട്നിക് വി വാക്സിനിലും ഉപയോഗിച്ചിരിക്കുന്നത് കൊവിഷീൽഡിന് സമാനമായി അഡിനോവൈറസുകളാണ്. എന്നാൽ കൊവിഷീൽഡിൽ നിന്ന് വ്യത്യസ്തമായി രണ്ട് വ്യത്യസ്ത അഡിനോവൈറസുകളണ് ഈ വാക്സിനിലുള്ളത്.