കൊൽക്കത്ത:കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായെ അഭിഷേക് ബാനർജിക്കെതിരെ തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ ക്ഷണിച്ച് പശ്ചിമബംഗാൾ മുഖ്യമന്ത്രി മമത ബാനർജി. പർഗാനാസ് ജില്ലയിൽ നടന്ന റാലിയെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു മമത ബാനർജി.
അമിത് ഷാ ഉൾപ്പെടെയുള്ള നേതാക്കൾ പലപ്പോഴും മമത ബാനർജിയെ രാജഭരണവുമായി താരതമ്യപ്പെടുത്തി ആരോപണങ്ങൾ ഉന്നയിച്ചിരുന്നു. മമതയുടെ അനന്തരവനായ അഭിഷേക് ബാനർജിക്ക് കൂടുതൽ പരിഗണന നൽകുന്നുവെന്നും അഭിഷേകിനെ അടുത്ത മുഖ്യമന്ത്രിയാക്കാനാണ് ശ്രമിക്കുന്നതെന്നുമാണ് ആരോപിച്ചിരുന്നത്. ഇതിന് മറുപടിയായാണ് മമത ബാനർജി റാലിയിൽ പ്രസംഗിച്ചത്. രാജ്യസഭ അംഗമാകാൻ അഭിഷേകിന് എളുപ്പം സാധിക്കുമെന്നും എന്നാൽ ജനങ്ങളുടെ അംഗീകാരം ലഭിക്കുന്നതിനായാണ് ലോക്‌സഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നതെന്നും മമത വ്യക്തമാക്കി. അഭിഷേകിനെതിരെ മത്സരിച്ചതിന് ശേഷം തനിക്കൊപ്പം മത്സരിക്കൂ എന്നും മമത ബാനർജി പറഞ്ഞു.
ആരോപണങ്ങൾ വെറുതെയാണെന്നും ജനങ്ങൾക്ക് അപമാനമുണ്ടാകുന്നതൊന്നും താൻ ചെയ്യില്ലെന്നും മമത വ്യക്തമാക്കി. 2021ൽ തങ്ങൾ എല്ലാ റെക്കോർഡുകളും തകർത്ത് ഏറ്റവും കൂടുതൽ സീറ്റുകൾ നേടുമെന്നും മമത അറിയിച്ചു.