ബെംഗളൂരു (കർണാടക) : കേന്ദ്ര സർക്കാരിന്‍റെ അഗ്നിപഥ് പദ്ധതിയുടെ ഭാഗമായി ബെംഗളൂരുവിലെ പാരച്യൂട്ട് റെജിമെന്‍റിൽ പരിശീലനം നേടിയ കരസേനയുടെ അഗ്നിവീർ ജവാൻമാരുടെ ആദ്യ ബാച്ചിന്‍റെ പാസിങ് ഔട്ട് പരേഡ് നടന്നു. 24 ആഴ്‌ച പരിശീലനം നേടിയ 212 ജവാൻമാരാണ് പാസിങ് ഔട്ട് പരേഡിൽ പങ്കെടുത്ത് രാജ്യ സേവനത്തിനായി സജ്ജമായത്. അഗ്നിവീരന്മാർക്ക് വിപുലമായ പരിശീലനം നൽകിയിട്ടുണ്ടെന്ന് ബ്രിഗേഡിയർ തേജ്‌പാൽ മാൻ പറഞ്ഞു. രാജ്യ സേവനത്തിൽ അവർ വലിയൊരു പങ്ക് വഹിക്കുമെന്ന് ഉറപ്പുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
നേരത്തെ മാർച്ച് 28ന് നാവിക സേനയുടെ അഗ്നിവീറിന്‍റെ ആദ്യ ബാച്ചിന്‍റെ പാസിങ് ഔട്ട് പരേഡ് ഐഎൻഎസ് ചിൽക്കയിൽ നടന്നിരുന്നു. 16 ആഴ്‌ചത്തെ പരിശീലനം പൂർത്തിയാക്കിയ 273 വനിത ഉദ്യോഗസ്ഥർ ഉൾപ്പെടെ 2600 ഓളം അഗ്നിവീരരാണ് പാസിങ് ഔട്ട് പരേഡിൽ പങ്കെടുത്തത്. ആദ്യ നൈറ്റ് പാസിങ് ഔട്ട് പരേഡ് കൂടിയായിരുന്നു ഐഎൻഎസ് ചിൽക്കയിൽ നടന്നത്. ഇന്ത്യൻ സായുധ സേനയിൽ ആദ്യമായായിരുന്നു സൂര്യാസ്‌തമയത്തിന് ശേഷം പാസിങ് ഔട്ട് പരേഡ് നടത്തുന്നത്.
റിപ്പബ്ലിക്ക് ദിനത്തിൽ ഡൽഹിയിലെ കർത്തവ്യ പാതയിൽ നടന്ന വ്യോമസേനയുടെ ആർ ഡി പരേഡ് സംഘത്തിന്‍റെ ഭാഗമായിരുന്ന സ്‌ത്രീകളും പുരുഷന്മാരും അഗ്നിവീരരുടെ ഈ ആദ്യ ബാച്ചിൽ ഉൾപ്പെട്ടിരുന്നു. വിജയിച്ച ട്രെയിനികളെ സമുദ്ര പരിശീലനത്തിനായി മുൻനിര യുദ്ധക്കപ്പലുകളിൽ വിന്യസിപ്പിക്കുമെന്ന് നാവിക സേന മോധാവി അഡ്‌മിറൽ ആർ ഹരി കുമാർ വ്യക്‌തമാക്കിയിരുന്നു. മികവ് തെളിയിച്ച് തെരഞ്ഞെടുക്കപ്പെട്ട അഗ്നിവീരന്മാർക്ക് ചടങ്ങിൽ പുരസ്‌കാരങ്ങളും നൽകിയിരുന്നു.
അഗ്നിപഥ് പദ്ധതി : 2022ലാണ് കേന്ദ്രം 'അഗ്നിപഥ്' പദ്ധതി പ്രഖ്യാപിച്ചത്. ഈ പദ്ധതി പ്രകാരം യുവാക്കൾക്ക് നാല് വർഷത്തേക്ക് സൈന്യത്തിൽ ചേർന്ന് രാജ്യത്തെ സേവിക്കാൻ അവസരം ലഭിക്കും. ആദ്യ റിക്രൂട്ട്‌മെന്‍റ് പ്രക്രിയയിൽ യുവാക്കൾക്ക് ആറ് മാസത്തെ പരിശീലനം നൽകും. പരിശീലന സമയവും നാല് വർഷത്തിൽ ഉൾപ്പെടുത്തും. നാല് വർഷത്തെ സേവനത്തിന് ശേഷം 75 ശതമാനം ജവാന്മാരുടെയും സേവനം അവസാനിക്കും. പരമാവധി 25 ശതമാനം പേർക്ക് റഗുലർ കേഡറിൽ ഇടം ലഭിക്കും.
ഇതിനായി സർവീസ് പൂർത്തിയാക്കിയ ശേഷം തുടരാൻ ആഗ്രഹിക്കുന്നവർ റഗുലർ കേഡറിൽ അപേക്ഷ നൽകണം. ഒരു അഗ്നിവീരന് ആദ്യ വർഷം 30,000 രൂപ പ്രതിമാസ ശമ്പളം ലഭിക്കും. ഇതിൽ 70 ശതമാനം, അതായത് 21,000 രൂപ അദ്ദേഹത്തിന് നൽകും. ബാക്കി 30 ശതമാനം, അതായത് 9,000 രൂപ 'അഗ്നിവീർ കോർപസ് ഫണ്ടിൽ' നിക്ഷേപിക്കും. ഈ ഫണ്ടിൽ സർക്കാരും തുല്യമായി വിഹിതം നൽകും. ഇവരുടെ ശമ്പളം രണ്ടാം വർഷം 33,000 രൂപയായും മൂന്നാം വർഷം 36,500 രൂപയായും നാലാം വർഷം 40,000 രൂപയായും ഉയരും.
നാല് വർഷത്തിന് ശേഷം ജോലി പൂർത്തിയാക്കി പിരിയുമ്പോൾ പലിശ സഹിതം 11.71 ലക്ഷം രൂപയും അഗ്നിവീറിന് ലഭിക്കും. ഈ തുക നികുതി രഹിതമായിരിക്കും. സേവനത്തിനിടയിൽ രക്തസാക്ഷിത്വമോ അംഗവൈകല്യമോ ഉണ്ടായാൽ ധനസഹായം നൽകാനുള്ള വ്യവസ്ഥയുമുണ്ട്. രാജ്യസേവനത്തിനിടെ ഏതെങ്കിലും അഗ്നിവീരൻ രക്തസാക്ഷിത്വം വരിച്ചാൽ അയാൾക്ക് സേവന ഫണ്ട് ഉൾപ്പെടെ ഒരു കോടിയിലധികം രൂപ പലിശ സഹിതം നൽകും.