ന്യൂഡല്‍ഹി: രാജ്യതലസ്ഥാനത്ത് ദീപാവലി ആഘോഷങ്ങളോടനുബന്ധിച്ചുള്ള തീപിടിത്തത്തില്‍ വന്‍ വര്‍ധന. കഴിഞ്ഞദിവസത്തെ ദീപാവലി ആഘോഷങ്ങളില്‍ മാത്രം 208 തീപിടിത്ത സംഭവങ്ങളാണ് റിപ്പോര്‍ട്ട് ചെയ്‌തത്. കഴിഞ്ഞ മൂന്ന് വര്‍ഷക്കാലത്തെ അപേക്ഷിച്ച് ഏറ്റവുമധികം തീപിടിത്ത സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്‌തിട്ടുള്ളതും ഇത്തവണയാണ്.
2022 ലെ ദീപാവലി ആഘോഷങ്ങളുമായി ബന്ധപ്പെട്ട് ന്യൂഡല്‍ഹിയില്‍ 201 തീപിടിത്ത സംഭവങ്ങളാണ് റിപ്പോര്‍ട്ട് ചെയ്‌തിരുന്നത്. മുന്‍ വര്‍ഷങ്ങളിലേക്ക് കടന്നാല്‍ 2021 ലും 2020 ലും യഥാക്രമം 152, 205 തീപിടിത്തങ്ങളാണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരുന്നത്.
അഗ്നിബാധ എവിടെയെല്ലാം: ഇത്തവണ ശാസ്‌ത്രി നഗര്‍, സുല്‍ത്താന്‍പുര്‍, കൈലാഷ്, സദര്‍ ബസാര്‍ എന്നീ നാല് പ്രദേശങ്ങളിലാണ് വന്‍ തീപിടിത്ത സംഭവങ്ങളുണ്ടായതെന്ന് ഫയര്‍ ആന്‍റ് റെസ്‌ക്യൂ ഡയറക്‌ടര്‍ അതുല്‍ ഗാര്‍ഗ് പറഞ്ഞു. കഴിഞ്ഞ ദിവസം (12.11.2023) ഉച്ചയ്‌ക്ക് ഒരു മണിയോടെയാണ് ശാസ്‌ത്രി നഗറില്‍ അഗ്നിബാധയുണ്ടായതെങ്കില്‍ സുല്‍ത്താന്‍പൂരില്‍ വന്‍ തീപിടിത്തമുണ്ടായത് രാത്രി 8.45 ഓടെയാണ്. രാത്രി 10.45 ഓടെയാണ് കൈലാഷിന്‍റെ കിഴക്കന്‍ പ്രദേശത്ത് അഗ്നിബാധയുണ്ടാകുന്നത്. ആറോളം ഫയര്‍ ആന്‍ഡ് റസ്‌ക്യൂ യൂണിറ്റുകളെത്തി ഏറെ പണിപ്പെട്ട് പുലര്‍ച്ചെ ഒരുമണിയോടെയാണ് ഇത് നിയന്ത്രണവിധേയമാക്കിയത്.
സദര്‍ ബസാറിനോട് ചേര്‍ന്നുള്ള ഡെപ്യൂട്ടി ഗഞ്ചിലുണ്ടായ തീപിടിത്തമാണ് ഇവയില്‍ ഏറെ നേരം നീണ്ടുനിന്നതും തീയണയ്‌ക്കുന്നതിനായി കൂടുതല്‍ പണിപ്പെടേണ്ടിവന്നതും. ഞായറാഴ്‌ച (12.11.2023) രാത്രി 10.30 ഓടെയുണ്ടായ തീപിടിത്തം ഏതാണ്ട് മുക്കാല്‍ മണിക്കൂര്‍ പണിപ്പെട്ടാണ് നിയന്ത്രണവിധേയമാക്കിയത്.
ഫോണുകള്‍ക്ക് വിശ്രമമില്ല: കഴിഞ്ഞദിവസം വൈകുന്നേരം ആറുമണി മുതല്‍ അര്‍ധരാത്രി 12 മണി വരെ മാത്രം ഫയര്‍ സര്‍വീസസ് കണ്‍ട്രോള്‍ റൂമിലേക്ക് അഗ്നിബാധയുമായി ബന്ധപ്പെട്ട 123 ഫോണ്‍ കോളുകള്‍ എത്തിയതായി അഗ്നിശമനസേന ഉദ്യോഗസ്ഥര്‍ അറിയിച്ചു. രാത്രി 12 മണിക്കും തിങ്കളാഴ്‌ച പകല്‍ ആറ് മണിക്കുമിടെ 72 കോളുകള്‍ എത്തിയതായും ഇവര്‍ വ്യക്തമാക്കി. അതായത് ആഘോഷങ്ങളുടെ യഥാര്‍ത്ഥ സമയത്തെ 12 മണിക്കൂറിനിടെ 195 ഫോണ്‍കോളുകള്‍ ഫയര്‍ സര്‍വീസസ് ഡിപ്പാര്‍ട്ട്‌മെന്‍റില്‍ എത്തിയതായും, കഴിഞ്ഞതവണ ഇതേസമയത്ത് ഇത് 172 ഫോണ്‍ കോളുകളായിരുന്നുവെന്നും അവര്‍ അറിയിച്ചു.
മുമ്പേ ഒരുങ്ങിയിട്ടും: ആഘോഷങ്ങളുമായി ബന്ധപ്പെട്ടുള്ള അനിഷ്‌ട സംഭവങ്ങള്‍ മുന്നില്‍ക്കണ്ട് ഫയര്‍ സര്‍വീസസ് വിഭാഗം വന്‍ സജ്ജീകരണങ്ങള്‍ ഒരുക്കിയിരുന്നതായും അവര്‍ പറഞ്ഞു. ഇതിന്‍റെ ഭാഗമായി അപകടം നടന്ന സ്ഥലത്തേക്ക് വേഗത്തില്‍ എത്തിച്ചേരുന്നതിനായി 23 സ്ഥലങ്ങളില്‍ ഫയർ ടെൻഡറുകൾ ഒരുക്കിയിരുന്നു. ഇതുകൂടാതെ സൗത്ത് ഈസ്‌റ്റ് ഡൽഹിയിലെ അംബേദ്‌കർ നഗർ പൊലീസ് സ്‌റ്റേഷൻ, ഹരിയാന അതിർത്തിക്കടുത്തുള്ള കപഷേര, സെൻട്രൽ ഡൽഹിയിലെ പഹർഗഞ്ച് പൊലീസ് സ്‌റ്റേഷൻ എന്നിവയുൾപ്പെടെയുള്ള 10 സ്ഥലങ്ങളിൽ മോട്ടോര്‍ ഘടിപ്പിച്ച വാഹനങ്ങള്‍ വിന്യസിച്ചിരുന്നതായും അവര്‍ കൂട്ടിച്ചേര്‍ത്തു.
അതേസമയം ഷാദിപൂർ, അയനഗർ, ലോധി റോഡ്, ജഹാംഗീർപുരി, ലോധി റോഡ് തുടങ്ങിയവിടങ്ങളില്‍ വായുവിന്‍റെ ഗുണനിലവാരം വളരെ മോശമാണെന്ന റിപ്പോര്‍ട്ടുകള്‍ക്കൊപ്പമാണ് ഡല്‍ഹിയില്‍ അഗ്നിബാധയുടെ കണക്കുകളും പുറത്തുവരുന്നത്.