ജയ്‌പൂര്‍: യുവാവിനെ ആത്മഹത്യയ്‌ക്ക് പ്രേരിപ്പിച്ചെന്ന കേസില്‍ രാജസ്ഥാന്‍ കാബിനറ്റ് മന്ത്രി മഹേഷ് ജോഷിക്കും മറ്റ് ആറ് പേര്‍ക്കുമെതിരെ കേസെടുത്തായി പൊലീസ് ചൊവ്വാഴ്‌ച അറിയിച്ചു. മന്ത്രിക്ക് പുറമെ എംഎൽഎയുമായ മഹേഷ് ജോഷി, ദേവേന്ദ്ര ശർമ, ലളിത് ശർമ, ഹോട്ടൽ റോയൽ ഷെറാട്ടൺ ഉടമ മുൻജ് ടാങ്ക്, ദേവ് അവസ്‌തി, ലാൽചന്ദ് ദേവ്‌നാനി എന്നിവര്‍ക്കെതിരെയാണ് പൊലീസ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്‌തത്.
ഇക്കഴിഞ്ഞ തിങ്കളാഴ്‌ചയാണ് സുഭാഷ് ചൗക്കിലെ ജീവനക്കാരനായ രാംപ്രസാദ് (38) ആത്മഹത്യ ചെയ്‌തത്. മന്ത്രിയും എംഎഎല്‍എയും അടക്കമുള്ളവര്‍ തന്നെയും കുടുംബത്തെയും വളരെയധികം പ്രയാസത്തിലാക്കുന്നുണ്ടെന്നും അതുകൊണ്ട് ജീവിതം അവസാനിപ്പിക്കുകയാണെന്നും യുവാവ് മരിക്കുന്നതിന് തൊട്ട് മുമ്പ് റൊക്കോര്‍ഡ് ചെയ്‌ത വീഡിയോയില്‍ വ്യക്തമാണ്.
സംഭവത്തെ തുടര്‍ന്ന് രാംപ്രസാദിന്‍റെ സഹോദരന്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്‌തതെന്ന് സുഭാഷ് ചൗക്ക് പൊലീസ് സ്റ്റേഷനിലെ എസ്എച്ച്ഒ രാം ഫൂൽ മീണ പറഞ്ഞു. രാഷ്‌ട്രീയ പ്രമുഖര്‍ക്ക് പങ്കുള്ള കേസായത് കൊണ്ട് തന്നെ ഇത് സിഐഡി അന്വേഷിക്കുമെന്ന് പൊലീസ് പറഞ്ഞു. അതേസമയം പ്രതികള്‍ക്കെതിരെ നടപടിയെടുക്കണമെന്നും രാംപ്രസാദിന്‍റെ കുടുംബത്തിന് സര്‍ക്കാര്‍ സഹായ ധനം നല്‍കണമെന്നാവശ്യപ്പെട്ടും കുടുംബം ഗോഡൗണിന് പുറത്ത് മുതദേഹവുമായി സമരം നടത്തി. അതേസമയം തനിക്കെതിരെ രജിസ്റ്റര്‍ ചെയ്‌ത എഫ്‌ഐആറിനെ കുറിച്ച് പ്രതികരിക്കാന്‍ മന്ത്രി മഹേഷ് ജോഷി തയ്യാറായില്ല.