ന്യൂഡല്‍ഹി: ഉപഹാര്‍ സിനിമ തിയേറ്റര്‍ തീപിടിത്ത കേസില്‍ അന്‍സല്‍ സഹോദരന്‍മാര്‍ പിഴയായി നല്‍കിയ 60 കോടി രൂപയെ കുറിച്ച് ഡല്‍ഹി സര്‍ക്കാരിനോട് ആരാഞ്ഞ് സുപ്രീം കോടതി. പണം ട്രോമ സെന്‍റര്‍ നിര്‍മാണത്തിന് വിനിയോഗിക്കണമെന്ന് കോടതി ഉത്തരവിട്ടിരുന്നു. എന്നാല്‍ സെന്‍ററിന്‍റെ നിര്‍മാണം ആരംഭിക്കാത്ത സാഹചര്യത്തില്‍ 60 കോടി രൂപ എന്തു ചെയ്‌തു എന്നായിരുന്നു കോടതിയുടെ ചോദ്യം.
ട്രോമ സെന്‍ററിന്‍റെ നിര്‍മാണം ഡല്‍ഹി സര്‍ക്കാര്‍ ഉടന്‍ ആരംഭിക്കണമെന്നും കോടതി നിര്‍ദേശം നല്‍കി. കേസില്‍ നിന്ന് കുറ്റ വിമുക്തരാകാന്‍ 30 കോടി രൂപ വീതം അന്‍സല്‍ സഹോദരന്‍മാര്‍ കെട്ടിവച്ച പിഴത്തുകയാണ് കോടതി ട്രോമ സെന്‍റര്‍ നിര്‍മാണത്തിനായി വിനിയോഗിക്കണമെന്ന് നിര്‍ദേശിച്ചിരുന്നത്. തുക കെട്ടിവച്ചതോടെ 2015ല്‍ ഗോപാല്‍ അന്‍സലും സുശീല്‍ അന്‍സലും സ്വതന്ത്രരായി.
എന്നാല്‍ പണം കൈപ്പറ്റിയിട്ടും ട്രോമ സെന്‍ററിന്‍റെ നിര്‍മാണം ആരംഭിക്കാത്തതിനെ തുടര്‍ന്നാണ് കോടതി വിശദീകരണം തേടിയത്. നിലവിലുള്ള ട്രോമ സെന്‍റര്‍ കൊവിഡ് രോഗികള്‍ക്ക് മികച്ച സേവനം നല്‍കുന്നുണ്ടെന്ന് നിരീക്ഷിച്ച കോടതി പിഴയായി സ്വീകരിച്ച 60 കോടി രൂപ വിനിയോഗിക്കാത്തത് എന്തുകൊണ്ടെന്ന് സര്‍ക്കാരിനോട് ചോദിച്ചു. ഡല്‍ഹി സര്‍ക്കാരിന് നല്‍കിയ നിര്‍ദേശം നിറവേറ്റപ്പെടുമെന്ന് പ്രതീക്ഷിക്കുന്നതായി ഉപഹാര്‍ ദുരന്തത്തിലെ ഇരകളുടെ അസോസിയേഷന്‍ ചെയര്‍മാന്‍ നീലം കൃഷ്‌ണമൂര്‍ത്തി പറഞ്ഞു.
ഉപഹാര്‍ തിയേറ്റര്‍ ദുരന്തം: റിയല്‍ എസ്റ്റേറ്റ് ഭീമന്‍മാരായ ഗോപാല്‍ അന്‍സല്‍, സുശീല്‍ അന്‍സല്‍ എന്നിവരുടെ ഉടമസ്ഥതയിലുള്ള തിയേറ്ററായിരുന്നു ഉപഹാര്‍. 1997 ജൂണ്‍ 13 ന് ബോര്‍ഡര്‍ എന്ന സിനിമയുടെ പ്രദര്‍ശനം നടന്നുകൊണ്ടിരിക്കെ കേടായ ട്രാന്‍സ്‌ഫോര്‍മറില്‍ നിന്ന് തീ പടര്‍ന്നായിരുന്നു അപകടം. ദുരന്തത്തില്‍ 59 പേര്‍ വെന്തുമരിക്കുകയും 103 പേര്‍ക്ക് ഗുരുതരമായി പരിക്കേല്‍ക്കുകയും ചെയ്‌തു.
വിചാരണ നീണ്ടത് വര്‍ഷങ്ങളോളം: വര്‍ഷങ്ങള്‍ നീണ്ട വിചാരണക്കൊടുവില്‍ 2007ല്‍ ഡല്‍ഹി വിചാരണ കോടതി ഗോപാല്‍ അന്‍സലും സുശീല്‍ അന്‍സലും കുറ്റക്കാരാണെന്ന് കണ്ടെത്തി. ഇരുവരെയും രണ്ട് വര്‍ഷത്തെ കഠിന തടവിന് ശിക്ഷിച്ചു. എന്നാല്‍ 2008ല്‍ ഡല്‍ഹി ഹൈക്കോടതി അന്‍സല്‍ സഹോദരന്‍മാരുടെ ശിക്ഷ ഒരു വര്‍ഷമായി ഇളവ് ചെയ്‌തു. 2009 ജനുവരി 30ന് ഇരുവര്‍ക്കും സുപ്രീം കോടതി ജാമ്യം അനുവദിച്ചു.
2014 മാര്‍ച്ചില്‍ അന്‍സല്‍ സഹോദരന്‍മാരുടെ ശിക്ഷ ശരിവച്ച സുപ്രീം കോടതി ശിക്ഷ സംബന്ധിച്ച് ജഡ്‌ജിമാര്‍ക്കിടയില്‍ അഭിപ്രായ ഭിന്നത ഉണ്ടായതിനെ തുടര്‍ന്ന് കേസ് മൂന്നംഗ ബെഞ്ചിന് വിട്ടു. തുടര്‍ന്ന് 100 കോടി രൂപ പിഴത്തുകയായി കെട്ടിവയ്‌ക്കാനും കോടതി ഉത്തരവിട്ടു. 2015ല്‍ അന്‍സല്‍ സഹോദരന്‍മാര്‍ നല്‍കിയ പുനഃപരിശോധന ഹര്‍ജി പരിഗണിച്ച സുപ്രീം കോടതി കീഴ്‌ക്കോടതി വിധിച്ച ജയില്‍ ശിക്ഷ റദ്ദാക്കുകയും പിഴത്തുക 60 കോടി ആക്കി കുറക്കുകയും ചെയ്‌തു.
ഈ തുക പുതിയ ട്രോമ സെന്‍റർ സ്ഥാപിക്കുന്നതിനോ കൈകാര്യം ചെയ്യുന്ന ആശുപത്രികളുടെ നിലവിലുള്ള ട്രോമ സെന്‍റർ നവീകരിക്കുന്നതിനോ ഉപയോഗിക്കുമെന്ന് ഡല്‍ഹി സര്‍ക്കാര്‍ വ്യക്തമാക്കിയിരുന്നു. 2017ലെ പുനഃപരിശോധന ഹര്‍ജി പരിഗണിച്ച് ഗോപാലിന് ഒരു വര്‍ഷം തടവ് ശിക്ഷ വിധിച്ചു. പ്രായാധിക്യം കണക്കിലെടുത്ത് സുശീലിനെ ശിക്ഷയില്‍ നിന്ന് ഒഴിവാക്കുകയായിരുന്നു. എന്നാല്‍ തെളിവുകള്‍ അട്ടിമറിച്ച കേസില്‍ 2021ല്‍ ഡല്‍ഹി കോടതി അന്‍സല്‍ സഹോദരന്‍മാര്‍ക്ക് ഏഴ് വര്‍ഷം തടവും പിഴയും ശിക്ഷ വിധിച്ചു.
തിയേറ്ററില്‍ നിരവധി ക്രമക്കേടുകള്‍: സിബിഐ അടക്കം നിരവധി ഏജന്‍സികള്‍ നടത്തിയ അന്വേഷണത്തില്‍ തിയേറ്ററിന്‍റെ നിര്‍മാണത്തിലും സുരക്ഷ മാനദണ്ഡങ്ങള്‍ പരിപാലിക്കുന്ന കാര്യത്തിലും നിരവധി വീഴ്‌ചകളും ക്രമക്കേടുകളും കണ്ടെത്തിയിരുന്നു. തീയേറ്ററില്‍ എമര്‍ജന്‍സി വിളക്കുകള്‍ ഉണ്ടായിരുന്നില്ല, ആളുകള്‍ക്ക് സുഗമമായി കടക്കാനുള്ള സൗകര്യം പ്രവേശന കവാടത്തില്‍ ഉണ്ടായിരുന്നില്ല, എക്‌സോസ്റ്റ് ഫാനുകള്‍ക്ക് ഘടിപ്പിക്കേണ്ട സ്ഥാനത്ത് കാര്‍ഡ് ബോര്‍ഡ് വച്ച് മറച്ചിരുന്നു എന്നിങ്ങനെ നിരവധിയാണ് തിയേറ്ററില്‍ കണ്ടെത്തിയ വീഴ്‌ചകള്‍. ഉപഹാര്‍ ദുരന്തത്തില്‍ ഇരകളായവരുടെ കൂട്ടായ്‌മ നീതി തേടി ഒരു നിയമ പോരാട്ടം തന്നെ നടത്തിയിരുന്നു.