ന്യൂഡല്‍ഹി : ബില്‍കിസ് ബാനു കൂട്ടബലാത്സംഗ കേസിലെ പ്രതികളുടെ ശിക്ഷാ ഇളവ് ചോദ്യം ചെയ്‌തുള്ള ഹര്‍ജികളില്‍ അന്തിമ വാദം കേള്‍ക്കുന്നത് ഓഗസ്റ്റ് 7ന്. 2002 ഗുജറാത്ത് കലാപവുമായി ബന്ധപ്പെട്ടുള്ള കേസ് പൂര്‍ത്തിയായെന്നും പ്രതികളെ മോചിപ്പിച്ചതോടെ കേസ് അവസാനിച്ചുവെന്നും ഓര്‍മിപ്പിച്ച കോടതി ഹര്‍ജികളിലെ അന്തിമ വാദം ഓഗസ്റ്റിലേക്ക് മാറ്റി വയ്ക്കുകയായിരുന്നു.
കേസിലെ മുഴുവന്‍ പ്രതികളെയും വിട്ടയച്ചതുമായി ബന്ധപ്പെട്ട് പത്ര പ്രസിദ്ധീകരണങ്ങള്‍ വഴിയോ നേരിട്ടോ നോട്ടിസ് നല്‍കിയിരുന്നുവെന്നും ഹര്‍ജി പരിഗണിച്ച ജസ്റ്റിസുമാരായ ബി വി നാഗരത്ന, ഉജ്ജൽ ഭുയാൻ എന്നിവരുടെ ബെഞ്ച് ചൂണ്ടിക്കാട്ടി. കൂടാതെ മെയ് 9ന് ഗുജറാത്തി, ഇംഗ്ലീഷ് തുടങ്ങിയ ഭാഷകളിലുള്ള പ്രദേശിക പത്രങ്ങളിലും ഇതുസംബന്ധിച്ചുള്ള നോട്ടിസ് പ്രസിദ്ധീകരിക്കാന്‍ സുപ്രീം കോടതി നേരത്തെ നിര്‍ദേശിച്ചിരുന്നു.
മാത്രമല്ല കേസിലെ മുഴുവന്‍ പ്രതികളെയും മോചിപ്പിക്കാന്‍ കേന്ദ്ര ആഭ്യന്തര മന്ത്രാലയം അനുമതി നല്‍കിയിരുന്നുവെന്നും കോടതി വ്യക്തമാക്കി. കഴിഞ്ഞ ഓഗസ്റ്റ് 15നാണ് കേസിലെ മുഴുവന്‍ കുറ്റവാളികളെയും വിട്ടയച്ചത്. കേസില്‍ ഉള്‍പ്പെട്ട 11 കുറ്റവാളികളാണ് കഴിഞ്ഞ വര്‍ഷം ജയില്‍ മോചിതരായത്. ബില്‍കിസ് ബാനു കേസിലെ മുഴുവന്‍ പ്രതികളെയും വിട്ടയച്ചത് ഏറെ വിവാദങ്ങളും പ്രതിഷേധങ്ങളും ഉയരാന്‍ ഇടയാക്കിയിരുന്നു.
ബില്‍കിസ് ബാനുവിന് പുറമെ സിപിഎം പൊളിറ്റ് ബ്യൂറോ അംഗം സുഭാഷിണി അലി, തൃണമൂല്‍ കോണ്‍ഗ്രസ് എംപി മഹുവ മൊയ്‌ത്ര, ആക്‌ടിവിസ്റ്റ് രൂപ് രേഖ വര്‍മ, മാധ്യമ പ്രവര്‍ത്തക രേവതി ലൗള്‍ എന്നിവരാണ് ഗുജറാത്ത് സര്‍ക്കാറിന്‍റെ നടപടിക്ക് പിന്നാലെ ഹര്‍ജിയുമായി സുപ്രീംകോടതിയെ സമീപിച്ചത്.
2002ല്‍ 21 കാരിയായ ബില്‍കിസ് ബാനു കൂട്ടബലാത്സംഗത്തിന് ഇരയാകുമ്പോള്‍ അഞ്ച് മാസം ഗര്‍ഭിണിയായിരുന്നു. ഗുജറാത്തിലെ വംശഹത്യക്കിടെ ബില്‍കിസിനെ കൂട്ടബലാത്സംഗത്തിന് ഇരയാക്കുകയും കുടുംബാംഗങ്ങളെ കൊലപ്പെടുത്തുകയും ചെയ്യുകയായിരുന്നു. കൊല്ലപ്പെട്ടവരില്‍ ബില്‍കിസ് ബാനുവിന്‍റെ മൂന്ന് വയസ് പ്രായമായ കുഞ്ഞും ഉണ്ടായിരുന്നു.
ബില്‍കിസ് ബാനുവിന്‍റെ കുഞ്ഞുള്‍പ്പടെ കുടുംബത്തിലെ ഏഴ് പേരാണ് കൊല്ലപ്പെട്ടത്. കേസില്‍ തടവില്‍ കഴിഞ്ഞ പ്രതികള്‍ മോചനം തേടി കഴിഞ്ഞ വര്‍ഷമാണ് സുപ്രീംകോടതിയെ സമീപിച്ചത്. വിഷയത്തില്‍ പരിശോധന നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ സുപ്രീംകോടതി ഗുജറാത്ത് സര്‍ക്കാറിനോട് ആവശ്യപ്പെട്ടിരുന്നു. സര്‍ക്കാര്‍ വിശദീകരണം ആവശ്യപ്പെട്ട് രണ്ട് മാസത്തിന് ശേഷം എല്ലാ പ്രതികളെയും വിട്ടയക്കാന്‍ ഗുജറാത്ത് സര്‍ക്കാര്‍ തീരുമാനിക്കുകയായിരുന്നു.
also read:ബില്‍ക്കിസ് ബാനു കേസ്: ഗുജറാത്ത് സര്‍ക്കാരിനെ വിമര്‍ശിച്ച് സുപ്രീംകോടതി
സിബിഐ ഉള്‍പ്പടെയുള്ള സംഘങ്ങള്‍ അന്വേഷണം നടത്തിയിട്ടും ഒടുക്കം തെളിവുകളില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് കേസില്‍ ഉള്‍പ്പെട്ട 11 പ്രതികളെയും വിട്ടയച്ചത്. ഇതിനെതിരെയാണ് ശിക്ഷാ ഇളവ് ചോദ്യം ചെയ്‌ത് സുപ്രീംകോടതിയിലേക്ക് ഹര്‍ജികള്‍ എത്തി തുടങ്ങിയത്.