ശ്രീനഗർ: തനിക്ക് അടുത്ത് പരിചയമുള്ളവർക്കും കുടുംബാംഗങ്ങൾക്കും എതിരെ എൻഐഎ, ഇഡി, സിബിഐ മുതലായ കേന്ദ്ര ഏജൻസികൾ അടിസ്ഥാനരഹിതമായി അന്വേഷണം നടത്തുന്നുവെന്ന് മെഹബൂബ മുഫ്തി. തനിക്കെതിരെ യുദ്ധം ചെയ്യണമെങ്കിൽ ബിജെപി അത് രാഷ്ട്രീയമായി വേണം ചെയ്യാനെന്നും മുഫ്തി വ്യക്തമാക്കി.
തന്‍റെ പിതാവിന്‍റെ ശവകുടീരം പോലും വിടാതെ കേന്ദ്ര ഏജൻസികൾ അവിടെയും പരിശോധന നടത്തുന്നുണ്ടെന്നും മുഫ്തി ആരോപിച്ചു. "ഈ റെയ്ഡുകളിൽ നിന്ന് നിങ്ങൾക്ക് എന്ത് ലഭിക്കും? എനിക്ക് എന്താണ് ഉള്ളത്? എനിക്ക് എന്തെങ്കിലും ഉണ്ടെങ്കിൽ നിങ്ങൾ എന്‍റെ പിതാവിന്‍റെ ശവകുടീരത്തിലേക്ക് എത്തില്ലായിരുന്നു," മുഫ്തി പറഞ്ഞു.
തനിക്കെതിരെ ഒരു ആരോപണം പോലും സർക്കാരിന്‍റെ കൈവശം ഇല്ലാത്തതിനാലാണ് അവർ കേന്ദ്ര ഏജൻസികളെ ഉപയോഗിച്ച് തന്നെ വേട്ടയാടുന്നതെന്നും വഹീദ്-ഉർ-റഹ്മാൻ വഴി തീവ്രവാദ ധനസഹായവുമായി ബന്ധിപ്പിക്കാൻ ശ്രമിക്കുന്നതെന്നും അവർ കൂട്ടിചേർത്തു. ജമ്മു കശ്മീരിലെ 20 ജില്ലകളിലായി നടന്ന ആദ്യ ജില്ലാ വികസന കൗൺസിൽ (ഡിഡിസി) വോട്ടെടുപ്പിന്‍റെ ഫലം ഇന്ന് പ്രഖ്യാപിച്ചിരുന്നു.