ലഖ്‌നൗ: കാര്‍ട്ടൂണ്‍ സിനിമ കാണുന്നതിനെച്ചൊല്ലി സഹോദരനുമായുണ്ടായ വഴക്കില്‍ അമ്മ അടിച്ചതില്‍ മനംനൊന്ത 15കാരന്‍ ആത്മഹത്യ ചെയ്‌ത നിലയില്‍. ഉത്തര്‍പ്രദേശിലെ സാദത്ഗഞ്ച് പൊലീസ് സ്റ്റേഷൻ പരിധിയിലെ കത്ര ബേഗിലാണ് ദാരുണ സംഭവം. ആയുഷ്‌മാന്‍ എന്ന കുട്ടിയാണ് മരിച്ചത്.
അമ്മയുടെ അടിയേറ്റതില്‍ മനംനൊന്ത് കുട്ടി വീടിന്‍റെ മുറിയിലേക്ക് ഓടിക്കയറുകയും മുറി അകത്തുനിന്ന് പൂട്ടിയിട്ട് ജീവനൊടുക്കുകയുമായിരുന്നു. വാതില്‍ തുറക്കാനും മുറിയില്‍ നിന്നും പുറത്തിറക്കാനും അമ്മ റൂമിക ഏറെ നേരം നിലവിളിച്ച് പണിപ്പെട്ടെങ്കിലും ഫലമുണ്ടായില്ല. ഭർത്താവ് രാജേഷ് തിവാരിയുടെ മരണശേഷം റൂമിക മക്കളായ ആയുഷ്‌മാൻ, അൻഷുമാൻ എന്നിവർക്കൊപ്പമാണ് കത്ര ബേഗില്‍ കഴിഞ്ഞിരുന്നത്.
പിണക്കം മാറുമെന്ന് കരുതി, പക്ഷേ...: കാര്‍ട്ടൂണ്‍ കാണുന്നതിനെച്ചൊല്ലി ആയുഷ്‌മാനും സഹോദരന്‍ അൻഷുമാനും തമ്മില്‍ വാക്കേറ്റവും കയ്യാങ്കളിയുമുണ്ടായി. ഇതോടെ, റൂമി വിഷയത്തില്‍ ഇടപെടുകയും ആയുഷ്‌മാനെ രണ്ട് തവണ അടിക്കുകയും ചെയ്‌തു. ശേഷം കുട്ടി അമ്മയുടെ മൊബൈൽ ഫോൺ തട്ടിയെടുത്ത് മുറിയില്‍ കയറി വാതില്‍ അടച്ചു. കുറച്ച് സമയത്തിന് ശേഷം പിണക്കം മാറി ആയുഷ്‌മാൻ മുറിയുടെ വാതിൽ തുറക്കുമെന്ന് റൂമിക കരുതി.
കുറച്ചുകഴിഞ്ഞ് കുട്ടിയുടെ അമ്മ വാതിലിൽ മുട്ടിയെങ്കിലും പ്രതികരണം ഉണ്ടായില്ല. ജനലിലൂടെ ചെന്നു നോക്കിയപ്പോഴാണ് കുട്ടിയെ ജീവനൊടുക്കിയ നിലയില്‍ കണ്ടത്. തുടര്‍ന്ന്, റൂമികയുടെ നിലവിളി കേട്ട് അയൽവാസികൾ ഓടിയെത്തുകയും വാതിൽ തകർത്ത് മൃതദേഹം പുറത്തെടുക്കുകയുമായിരുന്നു.
ശ്രദ്ധിക്കൂ...ആത്‌മഹത്യ ഒന്നിനും ഒരു പരിഹാരമല്ല. മാനസിക ബുദ്ധിമുട്ടുകള്‍ തോന്നുമ്പോള്‍ സഹായത്തിനായി വിളിക്കാന്‍ മടിക്കേണ്ട: 9152987821