സൂറിച്ച്: ഇന്ത്യൻ ഫുട്ബോൾ അസോസിയേഷനെ വിലക്കിയതായി ഫിഫ. നിയമങ്ങൾ ലംഘിച്ചതിനാണ് നടപടിയെന്നാണ് ഫിഫയുടെ വിശദീകരണം. വിലക്ക് നീക്കുന്നത് വരെ ഇന്ത്യൻ ദേശീയ ഫുട്ബോൾ ടീമിന് അന്താരാഷ്ട്ര മത്സരങ്ങളൊന്നും കളിക്കാനാകില്ല. വരുന്ന ഒക്ടോബറിലെ അണ്ടർ 17 വനിത ലോകകപ്പ് ആതിഥേയത്വം ഇന്ത്യക്ക് നഷ്‌ടമാകും.
ഇന്ത്യൻ ഫുട്ബോൾ അസോസിയേഷൻ നിലവിലെ ഉണ്ടായിരുന്ന കമ്മിറ്റിയെ പിരിച്ചു വിട്ടു കൊണ്ട് സുപ്രീം കോടതി ഒരു താൽകാലിക ഭരണസമിതി ഉണ്ടാക്കിയിരുന്നു. ഇതാണ് വിലക്ക് ലഭിക്കാൻ കാരണം. ഇന്ത്യൻ ഫുട്ബോൾ അസോസിയേഷൻ (എഐഎഫ്‌എഫ്) ഭരണത്തിൽ പുറത്ത് നിന്നുള്ള ഇടപെടൽ ഉണ്ടായത് ഫിഫ ചട്ടങ്ങൾക്ക് എതിരാണ്.
ഇന്ത്യൻ ഫുട്ബോൾ അസോസിയേഷൻ പുതിയ തെരെഞ്ഞെടുപ്പ് നടത്തി കമ്മിറ്റി രൂപീകരിച്ച് ഫിഫയെ സമീപിച്ചാൽ വിലക്ക് റദ്ദാക്കും. അതുവരെ ഇന്ത്യ വിലക്കിൽ തുടരും. എ ഐ എഫ് എഫിലേക്ക് പുതിയ തെരഞ്ഞെടുപ്പ് നടത്താൻ താൽക്കാലിക ഭരണ സമിതിയും സുപ്രീം കോടതിയും ഇപ്പോൾ ശ്രമിക്കുന്നുണ്ട്. ഇത് വേഗത്തിൽ ആകും എന്ന പ്രതീക്ഷയിലാണ് ഇന്ത്യൻ ഫുട്ബോൾ ആരാധകർ.