ന്യൂഡൽഹി: പൊതുമേഖല, സ്വകാര്യ-സഹകരണ മേഖലകളിലെ രാസകമ്പനികളുമായി ചേർന്ന് ഓക്സിജന്‍ ഉത്പാദനം വർധിപ്പിക്കാന്‍ കേന്ദ്ര മന്ത്രി മന്‍സുഖ് മാണ്ഡവിയ അധ്യക്ഷനായ യോഗത്തിൽ തീരുമാനം.
ഈ മഹാമാരിയിൽ ജനങ്ങളെ സഹായിക്കണമെന്നും കമ്പനികളുടെ നിലവിലുള്ള ഓക്സിജൻ ഉൽപാദന ശേഷിയും ആശുപത്രികളിലേക്ക് മെഡിക്കൽ ഗ്രേഡ് ഓക്സിജന്‍റെ വിതരണം വർദ്ധിപ്പിക്കണമെന്നും രാസ കമ്പനികളോട് ശ്രീ മാണ്ഡവിയ ആഹ്വാനം ചെയ്തു. കമ്പനികൾ ഇത് സ്വാഗതം ചെയ്യുകയും കൊവിഡിനെതിരെയുള്ള പോരാട്ടത്തിൽ സർക്കാരിന്‍റെ ശ്രമങ്ങളിൽ പങ്കുചേരാൻ താൽപര്യം കാണിക്കുകയും ചെയ്തു.
ഗുജറാത്തിലെ കെ.എ.എൽ.ഒ.എൽ യൂണിറ്റിൽ 200 ക്യുബിക് മീറ്റർ ശേഷിയുള്ള ഓക്സിജൻ പ്ലാന്‍റ് സ്ഥാപിക്കുക, ദ്രാവക ഓക്സിജൻ വിതരണം, വായു വിഭജന യൂണിറ്റ് ആരംഭിക്കുക, ഓക്സിജന്‍ ഉത്പാദന ശേഷി വർധിപ്പിക്കുക, ആശുപത്രികളിൽ മെഡിക്കൽ പ്ളാന്‍റുകൾ സ്ഥാപിക്കുക എന്നിവയാണ് യോഗത്തിലെടുത്ത പ്രധാന തീരുമാനങ്ങൾ.
കൊവിഡ് രോഗികൾക്ക് പ്രതിദിനം 50 മെട്രിക് ടൺ മെഡിക്കൽ ഓക്സിജൻ ലഭ്യമാക്കും. ഈ നടപടികൾ വരും കാലങ്ങളിൽ മെഡിക്കൽ ഓക്സിജന്‍റെ ഉത്പാദനത്തെ സഹായകമാക്കുമെന്നാണ് സർക്കാരിന്‍റെ പ്രതീക്ഷ.