ഫിറോസ്‌പൂര്‍: മയക്കുമരുന്ന് സംഘത്തെ സിനിമ സ്റ്റൈലില്‍ പിന്‍തുടര്‍ന്ന് പിടികൂടി പഞ്ചാബ് പൊലീസ്. ഫിറോസ്‌പൂരിലെ ബന്‍സില്‍ ഗേറ്റ് ഏരിയയിലാണ് സംഭവം. സ്റ്റേഷൻ ഹൗസ് ഓഫീസർ ധന്ന മോഹിത് ധവാനും സംഘവുമാണ് പ്രതികളെ പിടികൂടിയത്.
രഹസ്യ വിവരത്തെ തുടര്‍ന്ന് പ്രദേശത്ത് എത്തിയ പൊലീസിനെ കണ്ടതും സംഘം കാറുമായി രക്ഷപെട്ടു. എന്നാല്‍ കാറിനെ പിന്തുടര്‍ന്നെത്തിയ പൊലീസ് 10 കിലോമീറ്ററോളം പിന്നാലെ പോയി മയക്കുമരുന്ന് സംഘത്തിന്‍റെ വാഹനത്തിന്‍റെ ടയറുകള്‍ വെടിവച്ച് പൊട്ടിച്ചു. എങ്കിലും മയക്കുമരുന്ന് സംഘം കാര്‍ നിര്‍ത്താതെ മുന്നോട്ട് പോകുകയായിരുന്നു.
അതിനിടെ അടുത്തുള്ള മാര്‍ക്കറ്റിലേക്ക് വാഹനം കയറ്റിയെങ്കിലും പിന്നാലെ എത്തിയ പൊലീസ് വാഹനം ഇടിച്ച് നിര്‍ത്തി തോക്ക് ചൂണ്ടി ഇവരെ പിടികൂടുകയായിരുന്നു. ഇവരില്‍ നിന്നും 10 ഗ്രാം ഹാഷിഷും പൊലീസ് കണ്ടെത്തി. പൊലീസ് നടപടിയുടെ സിസിടിവി ദൃശ്യങ്ങള്‍ സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്.
Also Read: കണ്ണൂരില്‍ വന്‍ മയക്കുമരുന്ന് വേട്ട; യുവതിയടക്കം ഏഴ് പേര്‍ പിടിയില്‍