ഗുരുഗ്രാം: കൊവിഡിനെ ഭയന്ന് പ്രായപൂർത്തിയാകാത്ത മകനെ മൂന്ന് വർഷത്തോളം പുറംലോകവുമായി ബന്ധമില്ലാതെ പൂട്ടിയിട്ട സ്‌ത്രീയെ പുറത്തെത്തിച്ചു. ഗുരുഗ്രാമിലെ ചക്കർപൂർ ഏരിയയിലെ വാടകവീട്ടിൽ കഴിഞ്ഞിരുന്ന അമ്മയേയും മകനെയുമാണ് പൊലീസും ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥരും ശിശുക്ഷേമ വകുപ്പ് അംഗങ്ങളും അടങ്ങുന്ന സംഘം വീടിന്‍റെ മുൻവാതിൽ തകർത്ത് അകത്തുകയറി പുറത്തെത്തിച്ചത്. അതുവരെ ഇവർ വീട്ടിലുണ്ടെന്ന വിവരം അയൽവാസികൾക്ക് പോലും അറിയില്ലായിരുന്നു എന്നാണ് വിവരം.
ഇവരുടെ ഭർത്താവ് സുജൻ മാജി പൊലീസിനെ വിവരങ്ങൾ അറിയിച്ചതോടെയാണ് വിചിത്ര സംഭവം പുറം ലോകമറിയുന്നത്. ഒരു പ്രൈവറ്റ് കമ്പനിയിലെ എൻജിനീയറാണ് സുജൻ. നിലവിൽ അമ്മയെയും മകനെയും സിവിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. 'സ്‌ത്രീക്ക് ചില മാനസിക പ്രശ്‌നങ്ങളുണ്ട്. ഇരുവരെയും റോഹ്തക്കിലെ പിജിഐയിലേക്ക് റഫർ ചെയ്‌തു. അവിടെ അവരെ ചികിത്സയ്ക്കായി സൈക്യാട്രിക് വാർഡിൽ പ്രവേശിപ്പിച്ചു,' ഗുരുഗ്രാമിലെ സിവിൽ സർജൻ ഡോ. വീരേന്ദർ യാദവ് മാധ്യമങ്ങളോട് പറഞ്ഞു.
കൊവിഡിനെ പേടിച്ച യുവതി പുറത്തിറങ്ങിയാൽ കുട്ടി മരിച്ചു പോകുമെന്നു വിശ്വസിച്ചാണ് ഈ കടും കൈ ചെയ്‌തത്. മകന് ഇപ്പോൾ 11 വയസുണ്ട്. ആദ്യ ലോക്ക്ഡൗൺ നിയന്ത്രണങ്ങൾ എടുത്തുമാറ്റിയതിനു ശേഷം ഭർത്താവിനെ വീടിനുള്ളിൽ പ്രവേശിക്കാൻ ഇവർ അനുവദിച്ചിരുന്നില്ല. വീടിന്‍റെ വാടകയും വൈദ്യുതി ബില്ലും കൃത്യമായി അടച്ചിരുന്ന ഭർത്താവ് സുജൻ മാജി വിഡിയോ കോളിലൂടെയാണ് ഇവരുമായി ബന്ധപ്പെട്ടിരുന്നത്.
വീട്ടിലേക്ക് അവശ്യ സാധനങ്ങളും ഇയാൾ വാങ്ങി നൽകിയിരുന്നു. മൂന്ന് വർഷമായി വൃത്തിയാക്കാത്ത വീട്ടിൽ ഭക്ഷണാവശിഷ്‌ടങ്ങളും മറ്റു മാലിന്യങ്ങളും കുന്നുകൂടിയിട്ടുണ്ട്. മകൻ വീടിന്‍റെ ഭിത്തിയില്‍ പെൻസില്‍ ഉപയോഗിച്ച് വരച്ചിരുന്നതായും കാണാം.