ബൊലാങ്കിർ (ഒഡിഷ) : അഞ്ച് ദിവസം പ്രായമുളള നവജാത ശിശുവിനെ ദാരിദ്ര്യം കാരണം പിതാവ് രണ്ടര ലക്ഷം രൂപയ്‌ക്ക് വിറ്റു. ബൊലാങ്കിർ ജില്ലയിലെ ജങ്കാർപദ ഗ്രാമത്തിലാണ് സംഭവം നടന്നത്. ഇതേതുടര്‍ന്ന് കുഞ്ഞിന്‍റെ പിതാവായ സന്തോഷ് പട്ടേലിനെയും വിൽക്കാൻ സഹായിച്ച ഇടനിലക്കാരനായ ഷെയ്‌ഖ് റമദാനെയും തിറ്റിലഗഡ് പൊലീസ് അറസ്റ്റ് ചെയ്‌തു.
സന്തോഷ് പട്ടേലിനും ഭാര്യ പുഷ്‌പയ്‌ക്കും രണ്ടാമതൊരു കുട്ടിയുടെ ഭാരം കൂടി താങ്ങാൻ കഴിയാത്തതിനാലാണ് കുഞ്ഞിനെ വിൽക്കാൻ ശ്രമിച്ചതെന്നു തിറ്റിലഗഡ് പൊലീസ് പറയുന്നു. കുഞ്ഞിനെ വിൽക്കാൻ സന്തോഷ് അയൽവാസിയായ ഷെയ്‌ഖ് റമദാന്‍റെ സഹായം തേടി. തുടര്‍ന്ന് കാലഹന്ദി ജില്ലയിലെ രാജ എന്നയാൾക്കാണ് 2.5 ലക്ഷം രൂപയ്‌ക്ക് കുഞ്ഞിനെ വിറ്റത്.
ഈ വിവരം ലഭിച്ചതോടെ പൊലീസ് സ്വമേധയാ കേസ് എടുത്ത് സന്തോഷിനെയും റമദാനിനെയും അറസ്റ്റ് ചെയ്യുകയായിരുന്നു. ഇടനിലക്കാരന്‍ റമദാന്‍റെ ഭാര്യ സെറീന ബീഗം ഭര്‍ത്താവിനെതിരെയുളള ആരോപണങ്ങള്‍ ശരിവച്ചു. കുട്ടിയെ വാങ്ങാന്‍ രാജ തന്‍റെ ഭര്‍ത്താവിനെ ബന്ധപ്പെട്ടിരുന്നുവെന്ന് സെറീന പറയുന്നു.
തുടര്‍ന്ന് റമദാന്‍ ഇക്കാര്യം സന്തോഷിനെ അറിയിക്കുകയായിരുന്നു. സ്വന്തം കുഞ്ഞിനെ വില്‍ക്കുന്നതില്‍ സന്തോഷ് പട്ടേലിന് എതിര്‍പ്പില്ലായിരുന്നു. തുടര്‍ന്ന് കുട്ടികളില്ലാത്ത രാജയില്‍ നിന്നും 2.5 ലക്ഷം രൂപ കൈപ്പറ്റി സന്തോഷ് പട്ടേല്‍ കുഞ്ഞിനെ വിറ്റു. തന്‍റെ ഭര്‍ത്താവിന്‍റെ ഭാഗത്ത് ഒരു തെറ്റുമില്ലെന്നും സ്റ്റേഷനില്‍ വച്ച് അദ്ദേഹത്തെ പൊലീസ് ക്രൂരമായി മര്‍ദിച്ചതായും സെറീന ആരോപിച്ചു.