നന്ദേഡ്/മഹാരാഷ്‌ട്ര : വിവാഹത്തിന് പണം കണ്ടെത്താനാകാത്ത നിരാശയിൽ പിതാവ് മകളെ കൊലപ്പെടുത്തി. മഹാരാഷ്‌ട്രയിലെ നന്ദേഡ് ജില്ലയിലെ ജാംഖേദ് ഗ്രാമത്തിലെ ബാലാജി വിശ്വംഭർ ദേവ്‌കേറ്റാണ് (40) മകൾ സിന്ധുവിനെ(18) മർദിച്ച് കൊലപ്പെടുത്തിയത്. മർദനത്തിൽ ഇയാളുടെ ഭാര്യക്കും ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. പ്രതി ഒളിവിലാണ്.
കൊല്ലപ്പെട്ട സിന്ധുവിന് വിവാഹാലോചനകൾ നടന്നുവരികയായിരുന്നു. കർഷകനായ ബാലാജി മകളുടെ വിവാഹത്തിന് പണം കണ്ടെത്താനാകാത്തതിനാൽ ആഴ്‌ചകളായി കടുത്ത നിരാശയിലായിരുന്നു. ഇതിനിടെ 19ന് രാവിലെ വീട്ടിൽ വിവാഹം സംബന്ധിച്ച് ചർച്ച നടക്കുകയും പ്രകോപിതനായ ഇയാൾ വടി കൊണ്ട് മകളേയും ഭാര്യയേയും മർദിക്കുകയുമായിരുന്നു.
വടികൊണ്ടുള്ള ആക്രമണത്തിൽ തലയ്‌ക്ക് ഗുരുതരമായി പരിക്കേറ്റ പെണ്‍കുട്ടി സംഭവസ്ഥലത്തുതന്നെ മരിച്ചു. പിന്നാലെ കുട്ടിയുടെ മാതാവ് പൊലീസിൽ പരാതി നൽകുകയായിരുന്നു. പ്രതിക്കെതിരെ കൊലക്കുറ്റത്തിന് പൊലീസ് കേസെടുത്തു. ഒളിവിൽ പോയ പ്രതിക്കായുള്ള തിരച്ചിൽ തുടരുകയാണ്.