ഹുബള്ളി (കര്‍ണാടക): വാടകകൊലയാളികള്‍ക്ക് ക്വട്ടേഷന്‍ നല്‍കി മകനെ കൊലപ്പെടുത്തിയ കേസില്‍ പിതാവ് പിടിയില്‍. കര്‍ണാടകയിലെ ഹുബള്ളി സ്വദേശിയായ പ്രമുഖ സംരംഭകന്‍ ഭരത് ജെയിനാണ് പിടിയിലായത്. ഇയാളുടെ മകന്‍ അഖില്‍ ജെയിനെ(30) കാണാതായി എന്ന പരാതിയിന്‍മേല്‍ പൊലീസ് നടത്തിയ അന്വേഷണത്തിലാണ് ഭരത് ജെയിന്‍ കുറ്റം സമ്മതിച്ചത്.
അഖില്‍ ജെയിനെ ഈ മാസത്തിന്‍റെ തുടക്കത്തില്‍ കാണാതായി എന്ന് ചൂണ്ടികാട്ടി കുടുംബാംഗങ്ങള്‍ പൊലീസില്‍ പരാതി നല്‍കിയിരുന്നു. തുടര്‍ന്ന് പൊലീസ് നടത്തിയ അന്വേഷണത്തില്‍ അഖില്‍ നിരവധി ദുശീലങ്ങള്‍ക്കടിമയായിരുന്നുവെന്ന് പൊലീസ് കണ്ടെത്തി. ഇക്കാരണത്താല്‍ തന്നെ കുടുംബാംഗങ്ങള്‍ക്ക് ഇയാളോട് വെറുപ്പായിരുന്നു.
അന്വേഷണത്തെ തുടര്‍ന്ന് അഖിലിന്‍റെ ഉള്‍പ്പെടെ കുടുംബത്തിലുള്ളവരുടെ ഫോണ്‍ കോളുകള്‍ പരിശോധിച്ചപ്പോഴാണ് ഞെട്ടിക്കുന്ന വിവരം പുറത്തായത്. അഖിലിന്‍റെ പിതാവിന് പ്രദേശത്തെ കുപ്രസിദ്ധ വാടക കൊലയാളികളുമായി ബന്ധമുണ്ടായിരുന്നു. അഖില്‍ കാണാതാവുന്നതിന് മുമ്പ് പിതാവ് ഭരത് നിരന്തരം ഇവരുമായി സമ്പര്‍ക്കം പുലര്‍ത്തിയിരുന്നുവെന്ന് പൊലീസ് കണ്ടെത്തി.
തുടര്‍ന്ന് പൊലീസിന്‍റെ ചോദ്യം ചെയ്യലില്‍ മകനെ ക്വട്ടേഷന്‍ നല്‍കി കൊലപ്പെടുത്തിയത് താനാണെന്ന് പിതാവ് കുറ്റസമ്മതം നടത്തി. എന്നാല്‍, അഖിലിന്‍റെ മൃതദേഹത്തെക്കുറിച്ച് യാതൊരു വിവരവും ലഭിക്കാത്തതിനെ തുടര്‍ന്ന് ഭരതിന്‍റെ ഫാം ഹൗസിലും പരിസരപ്രദേശങ്ങളിലും പൊലീസ് തെരച്ചില്‍ നടത്തി വരികയാണ്. ഭരതിന്‍റെ മൊഴി അനുസരിച്ച് വാടക കൊലയാളി സംഘത്തില്‍പ്പെട്ട രണ്ട് പേരെ അറസ്‌റ്റ് ചെയ്‌തിട്ടുണ്ടെന്നും മറ്റു പ്രതികള്‍ക്കായുള്ള തെരച്ചില്‍ തുടരുകയാണെന്നും പൊലീസ് അറിയിച്ചു.