തിരുപ്പതി(ആന്ധ്രാപ്രദേശ്): ആംബുലൻസ് ഡ്രൈവർമാർ ചോദിച്ച പണം നൽകാനില്ലാത്തതിനാൽ മകന്‍റെ മൃതദേഹം ബൈക്കിൽ കയറ്റി കൊണ്ടുപോയി അച്ഛൻ. തിരുപ്പതിയിലെ റുയിയ ആശുപത്രിയിലാണ് ആംബുലൻസ് ഡ്രൈവർമാരുടെ ക്രൂരതയെ തുടർന്ന് ചിറ്റ്വേല സ്വദേശിയായ മാവിൻ തോട്ടത്തിലെ തൊഴിലാളിയായ അച്ഛന് 12കാരനായ മകന്‍റെ മൃതദേഹം ബൈക്കിന്‍റെ പിന്നിൽ കയറ്റി 90 കിലോമീറ്റർ അകലെയുള്ള ഗ്രാമത്തിലേക്ക് കൊണ്ടുപോകേണ്ടി വന്നത്. സ്ട്രെച്ചറിൽ നിന്നും മൃതദേഹം ബൈക്കിൽ കയറ്റുന്ന ദൃശ്യം സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുകയാണ്.
അസുഖബാധിതനായി വീണതിനെ തുടർന്നാണ് മകൻ ജെയ്ഷ്വയെ റുയിയ ആശുപത്രിയിൽ എത്തിച്ചത്. എന്നാൽ കഴിഞ്ഞ ദിവസം രാത്രി 11 മണിയോടെ കരൾ, വൃക്ക എന്നിവ തകരാറിലായതിനെ തുടർന്ന് മകൻ മരിച്ചു. മൃതദേഹം ചിറ്റ്വേല ഗ്രാമത്തിലേക്ക് കൊണ്ടുപോകാനായി ആശുപത്രിയിലെ ആംബുലൻസ് ഡ്രൈവർമാരുടെ സഹായം തേടിയെങ്കിലും ഡ്രൈവർമാർ 10,000 രൂപ വരെയാണ് ആവശ്യപ്പെട്ടത്.
തുടർന്ന് അച്ഛൻ നാട്ടിലുള്ള ബന്ധുക്കളെ വിവരമറിയിക്കുകയും ബന്ധുക്കൾ നാട്ടിൽ നിന്ന് ആംബുലൻസ് അയക്കുകയും ചെയ്‌തു. എന്നാൽ ഗ്രാമത്തിൽ നിന്നും വന്ന ആംബുലൻസ് ഡ്രൈവറെ ആശുപത്രിയിലെ ആംബുലൻസ് ഡ്രൈവർമാർ തടയുകയും തങ്ങളുടെ ആംബുലൻസിൽ മാത്രമേ കൊണ്ടുപോകാൻ കഴിയൂ എന്ന് നിർബന്ധം പിടിക്കുകയുമായിരുന്നു. തുടർന്നാണ് മൃതദേഹം ബൈക്കിൽ കയറ്റി കൊണ്ടുപോകാൻ നിർബന്ധിതമായത്.
ഇതിനു മുൻപും ഇത്തരം ദാരുണ സംഭവങ്ങൾ ഇവിടെ ഉണ്ടായിട്ടുണ്ടെന്ന് നാട്ടുകാർ പറയുന്നു. ആശുപത്രിയിലെ ആംബുലൻസ് ഡ്രൈവർമാരുടെ അരാജകത്വം തടയാൻ അധികൃതരോ പൊലീസോ നടപടി സ്വീകരിക്കാത്തതാണ് ഇത്തരം സംഭവങ്ങൾ ആവർത്തിക്കാൻ ഇടയാക്കുന്നതെന്നും ആക്ഷേപം ഉയരുന്നു. സംഭവത്തെ തുടർന്ന് ജഗൻമോഹൻ സർക്കാരിനെതിരെ മുൻ മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു രംഗത്തെത്തി. ജഗൻമോഹൻ സർക്കാരിന്‍റെ കീഴിൽ ആരോഗ്യവകുപ്പിന്‍റെ താളം തെറ്റിയിരിക്കുകയാണെന്ന് ചന്ദ്രബാബു നായിഡു കുറ്റപ്പെടുത്തി.