ശ്രീനഗര്‍: എട്ട് ഇന്ത്യന്‍ നാവികസേന ഉദ്യോഗസ്ഥര്‍ക്ക് വധശിക്ഷ വിധിച്ച ഖത്തര്‍ നടപടി, ഇസ്രയേല്‍-ഹമാസ് യുദ്ധത്തില്‍ ഇന്ത്യന്‍ നിലപാടിന്‍റെ വീഴ്‌ചയാകാമെന്ന് ജമ്മു കശ്‌മീര്‍ മുന്‍ മുഖ്യമന്ത്രി ഡോ.ഫറൂഖ് അബ്‌ദുള്ള അഭിപ്രായപ്പെട്ടു. ഇടിവി ഭാരതിന് ഫോണ്‍ മുഖേന നല്‍കിയ പ്രത്യേക അഭിമുഖത്തിലാണ് ഫറൂഖ് അബ്‌ദുള്ള മനസുതുറന്നത്.
വിധി ആ സമയത്ത് വന്നത് ആശ്ചര്യകരം: മൂന്ന് വര്‍ഷമായി ഈ വിഷയത്തില്‍ (നാവിക സേന ഉദ്യോഗസ്ഥരുടെ വിചാരണ) ഖത്തര്‍ വെറുതെയിരിക്കുകയായിരുന്നു, എന്നാല്‍ പലസ്‌തീൻ വിഷയത്തിൽ അനുഭാവം പ്രകടിപ്പിച്ചുകൊണ്ട് ഇസ്രയേലുമായുള്ള സൗഹൃദബന്ധം നിലനിർത്തുന്നതിന് ഇന്ത്യ ശ്രമിക്കുന്ന സമയത്താണ് ഈ വിധി വന്നത് എന്നത് ആശ്ചര്യകരമാണെന്ന് ഫറൂഖ് അബ്‌ദുള്ള പറഞ്ഞു.
ഒക്‌ടോബർ 27 ന് ഗാസയില്‍ വെടിനിർത്തൽ സംബന്ധിച്ചുള്ള ഐക്യരാഷ്‌ട്ര സഭയുടെ ജനറൽ അസംബ്ലി വോട്ടെടുപ്പിനെ പിന്തുണയ്ക്കാൻ ഇന്ത്യ വിസമ്മതിച്ചപ്പോൾ തന്നെ വ്യക്തമായ ഈ ചായ്‌വ് കാണപ്പെട്ടതാണെന്നും അദ്ദേഹം വ്യക്തമാക്കി.
ഇന്ത്യ ആര്‍ക്കൊപ്പം: നമ്മള്‍ എല്ലായ്‌പ്പോഴും പലസ്‌തീന്‍ അനുകൂലമായ നിലപാടാണ് സ്വീകരിച്ചിട്ടുള്ളത്. എന്നാൽ ആ നിലപാടിന് തീർത്തും വിരുദ്ധമായിരുന്നു പ്രധാനമന്ത്രിയുടെ പ്രസ്‌താവന. പിന്നീട്, ഞങ്ങളുടെ നയത്തില്‍ മാറ്റമുണ്ടായിട്ടില്ലെന്ന് വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കിയെന്നും ഫറൂഖ് അബ്‌ദുള്ള അറിയിച്ചു.
പലസ്‌തീന് മാനുഷിക സഹായം ആവശ്യപ്പെടുന്ന ഐക്യരാഷ്‌ട്ര സഭയുടെ പ്രമേയത്തിൽ നിന്ന് വിട്ടുനിന്നത് നന്നായില്ല. അത് വളരെ മോശമായിരുന്നുവെന്നും അതുകൊണ്ട് തന്നെ അറബ് രാഷ്‌ട്രങ്ങളിലെ നമ്മുടെ സുഹൃത്തുക്കൾക്ക് വളരെ മോശം അഭിപ്രായമാണുണ്ടായതെന്നും ഫറൂഖ് അബ്‌ദുള്ള കുറ്റപ്പെടുത്തി.