ന്യൂഡൽഹി: ജൂൺ 30ന് ഹൂൾ ക്രാന്തി ദിവസ് ആചരിക്കാനൊരുങ്ങി കർഷക സംഘടനയായ സംയുക്ത കിസാൻ മോർച്ച. കർഷക സമരം ഏഴാം മാസത്തോടടുക്കുന്നതിനിടെയാണ് അതിർത്തികളിലെ പ്രതിഷേധ സ്ഥലങ്ങളിൽ ഹൂൾ ക്രാന്തി ദിവസ് ആചരിക്കാനൊരുങ്ങുന്നത്. ബ്രിട്ടീഷ് ഭരണത്തിനെതിരെ പട്ടിക ജാതി, പട്ടിക വർഗ വിഭാഗങ്ങൾ ആദ്യമായി നടത്തിയ സംഘടിത പ്രക്ഷോഭമാണ് ഹൂൾ ക്രാന്തി ദിവസ്.
സുക്‌മ, ബിജോപൂർ ജില്ലകളുടെ അതിർത്തിയിലുള്ള സെലാഗർ ഗ്രാമത്തിലെ ആദിവാസികൾ തങ്ങൾക്ക് പൂർണ പിന്തുണ നൽകിയെന്നും ജൂൺ 30ന് ആദിവാസി മേഖലയിൽ ഉള്ളവരെ സമര സ്ഥലത്തേക്ക് ക്ഷണിക്കുമെന്നും സംയുക്ത കിസാൻ മോർച്ച അറിയിച്ചു. ഈ പ്രദേശത്ത് സിആർപിഎഫ് ക്യാമ്പ് സ്ഥാപിക്കാനുള്ള സർക്കാർ തീരുമാനത്തെ എതിർക്കുന്നവരാണിവർ.
പ്രതിഷേധിച്ച ആദിവാസികൾക്ക് നേരെ മെയ് 17ന് പൊലീസ് വെടിവയ്‌പ് നടത്തിയതായും മൂന്ന് പേർ സംഭവ സ്ഥലത്ത് വച്ചും പരിക്കേറ്റ ഒരു ഗർഭിണി പിന്നീട് മരിക്കുകയും ചെയ്‌തിരുന്നു. 18 പേർക്ക് പരിക്കേൽക്കുകയും 10 പേരെ കാണാതാകുകയും ചെയ്‌തു. സംയുക്ത കിസാൻ മോർച്ച സംഭവത്തിൽ അപലപിച്ചു. ഹരിയാനയിലെ ബിജെപി, ജെജെപി നേതാക്കൾക്കുമെതിരെ സമാധാനപരമായ പ്രതിഷേധം തുടരാനും ഈ നേതാക്കളുടെ പ്രവേശനം തടയാനും സംയുക്ത കിസാൻ മോർച്ച തീരുമാനിച്ചിട്ടുണ്ട്.
എ.ഐ.കെ.എസ്, എ.ഐ.എ.ഡബ്ല്യു, സി.ഐ.ടി.യു തൊഴിലാളികൾ ഞായറാഴ്‌ച സിന്ധു അതിർത്തി പ്രദേശത്തെ പ്രതിഷേധ സ്ഥലത്ത് എത്തിയിരുന്നു.
Also Read: നയപ്രഖ്യാപനത്തോടെ തമിഴ്‌നാട് നിയമസഭാ സമ്മേളനത്തിന് തുടക്കം