ന്യൂഡൽഹി: ഡൽഹി അതിർത്തി റോഡുകളിൽ ഗതാഗത കുരുക്ക് രൂക്ഷം. അതിർത്തിയിലെ ചില പ്രധാന റോഡുകളിൽ സ്ഥാപിച്ചിരുന്ന ബാരിക്കേഡുകൾ നീക്കിയെങ്കിലും ഗതാഗത കുരുക്ക് രൂക്ഷമായി തുടരുകയാണ്. കർഷകരുടെ 'ഡൽഹി ചലോ' മാർച്ചിനെ തുടർന്ന് ഡൽഹി പൊലീസ് അതിർത്തികൾ അടച്ചിരുന്നു. പ്രകടനത്തെത്തുടർന്ന് ധൻസ, ജറോഡ കലൻ അതിർത്തികൾ അടച്ചിട്ടുണ്ടെന്നും യാത്രക്കാർ ബദൽ മാർഗം സ്വീകരിക്കണമെന്നും ഡൽഹി ട്രാഫിക് പൊലീസ് അറിയിച്ചു. പൂർണമായും അടച്ച തിക്രി അതിർത്തി തുറക്കാത്തതും ഗതാഗത കുരുക്കിന് കാരണമായി.
അതേസമയം ഗതാഗത തടസം രുക്ഷമായ റിംഗ് റോഡ്, മുകർബ ചൗക്ക്, ഗ്രാൻഡ് ട്രങ്ക് റോഡ്, എൻഎച്ച് -44, സിങ്കു ബോർഡർ എന്നിവ യാത്രക്കാർ പൂർണമായും ഒഴിവാക്കാനും പൊലീസ് നിർദേശിച്ചു. പ്രതിഷേധക്കാർ ലാൽരു, ശംഭു, പട്യാല-പെഹോവ, പത്രാൻ-ഖനൗരി, മൂനക്-തോഹാന, റേഷ്യ-ഫത്തേഹാബാദ്, തൽവണ്ടി-സിർസ എന്നിങ്ങനെ നിരവധി റൂട്ടുകളിലൂടെ ഡൽഹിയിലേക്ക് കടക്കുമെന്ന് പ്രഖ്യാപിച്ചിരുന്നു. നവംബർ 26, 27 തീയതികളിൽ ഡൽഹിയിൽ പ്രവേശിക്കാന്‍ കര്‍ഷക സംഘടനകള്‍ക്ക് പൊലീസ് അനുമതി നിഷേധിച്ചിരുന്നു. തുടർന്നാണ് സംഘർഷം രൂക്ഷമായത്.