ഡൽഹി: കാർഷിക നിയമങ്ങൾക്കെതിരായ പ്രക്ഷോഭം ശക്തമാക്കാനൊരുങ്ങി കർഷക സംഘടനകൾ. പുൽവാമ ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ടവരുടെ സ്‌മരണക്കായി ഫെബ്രുവരി 14 ന് മെഴുകുതിരി കത്തിച്ചും ഫെബ്രുവരി 18ന് രാജ്യവ്യാപകമായി നാല് മണിക്കൂർ ‘ട്രെയിൻ ഉപരോധം’ (റെയിൽ റോക്കോ) നടത്തിയും സമരം ശക്തമാക്കുമെന്ന് കർഷകർ അറിയിച്ചു. ഉച്ചക്ക് 12 മുതൽ വൈകിട്ട് നാല് വരെയാണ് ട്രെയിൻ തടയൽ ആസൂത്രണം ചെയ്‌തിരിക്കുന്നത്. ഫെബ്രുവരി 12 മുതൽ രാജസ്ഥാനിൽ ടോൾ പിരിവ് അനുവദിക്കില്ലെന്നും സംയുക്ത കിസാൻ മോർച്ച അറിയിച്ചു.
വീണ്ടും ചർച്ചക്ക് തയാറാകണമെന്ന് കർഷകരോട് പ്രധാനമന്ത്രി നരേന്ദ്ര മോദി ലോക്‌സഭയിൽ ആവശ്യപ്പെട്ടതിന് പിന്നാലെയാണ് പ്രഖ്യാപനം. നിയമങ്ങൾ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് പഞ്ചാബ്, ഹരിയാന, ഉത്തർപ്രദേശ് എന്നിവിടങ്ങളിൽ നിന്നുള്ള പതിനായിരക്കണക്കിനു കർഷകർ ഡൽഹിയുടെ അതിർത്തി പ്രദേശങ്ങളിൽ രണ്ടു മാസമായി സമരത്തിലാണ്. റിപ്പബ്ലിക് ദിനത്തിൽ ട്രാക്‌ടർ റാലി നടത്തിയതിനു പിന്നാലെ കർഷകർ മൂന്നു മണിക്കൂർ റോഡ് ഉപരോധനവും നടത്തിയിരുന്നു.
അതേസമയം നിയമങ്ങളെക്കുറിച്ച് അഭിപ്രായം പറയുന്ന കർഷകരോട് സർക്കാരിനും പാർലമെൻ്റിനും വലിയ ബഹുമാനമുണ്ടെന്നാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രതികരിച്ചത്. എന്നാൽ പഴയ കാർഷിക വിപണന സമ്പ്രദായത്തിൽ തുടരാൻ ആഗ്രഹിക്കുന്നവർക്ക് ഇത് തുടരാനാകുമെന്നും പ്രധാനമന്ത്രി വ്യക്തമാക്കി.