ചണ്ഡീഗഡ്: മെയ് 8ന് ലോക്‌ഡൗണിനെതിരെ പ്രതിഷേധം നടത്തുമെന്ന് കേന്ദ്ര കാർഷിക നിയമങ്ങൾക്കെതിരെ പ്രക്ഷോഭം നടത്തുന്ന പഞ്ചാബിൽ നിന്നുള്ള കർഷക യൂണിയനുകൾ. നിയന്ത്രണങ്ങൾ ലംഘിക്കണമെന്ന് കർഷക സംഘടനകൾ ജനങ്ങളോട് ആവശ്യപ്പെട്ടു.
കൊവിഡ് സാഹചര്യം കൈകാര്യം ചെയ്യുന്നതിൽ പരാജയപ്പെട്ടത് മറച്ചുവെക്കാനാണ് സർക്കാർ ലോക്‌ഡൗൺ ഏർപ്പെടുത്തിയിരിക്കുന്നതെന്നും കർഷകസമരത്തെ ദുർബലപ്പെടുത്താനുള്ള ശ്രമമാണിതെന്നും സംയുക്ത കിസാൻ മോർച്ച നേതാവ് ബൽബീർ സിങ് രാജേവാൾ പറഞ്ഞു. മെയ് 8ന് ലോക്‌ഡൗണിനെതിരെ പ്രതിഷേധിക്കാനും കടകൾ തുറന്ന് പ്രവർത്തിപ്പിക്കാനും പഞ്ചാബിൽ നിന്നുള്ള 32 കർഷക സംഘടനകൾ തീരുമാനിച്ചതായി സിങ് അറിയിച്ചു.
കഴിഞ്ഞ വർഷം ലോക്‌ഡൗൺ സമയത്താണ് മൂന്ന് കാർഷിക നിയമങ്ങളും ഉണ്ടാക്കിയത്. ലോക്‌ഡൗൺ ഒരു പരിഹാരമല്ലെന്നും ഇത് സമ്പദ്‌വ്യവസ്ഥയ്ക്ക് നഷ്ടമുണ്ടാക്കുമെന്നും തൊഴിലില്ലായ്‌മ സൃഷ്ടിക്കുമെന്നും ഈ സർക്കാർ പരാജയങ്ങളെ ലോക്‌ഡൗണിന്‍റെ മറവിൽ മൂടിവയ്ക്കുകയാണെന്നും രാജേവാൾ പറഞ്ഞു. അതുപോലെ തന്നെ രോഗികൾക്ക് ഓക്സിജൻ, കിടക്കകൾ, മറ്റ് മെഡിക്കൽ സൗകര്യങ്ങൾ എന്നിവ നൽകുന്നതിലും സർക്കാർ പരാജയപ്പെട്ടുവെന്ന് രാജേവാൾ അവകാശപ്പെട്ടു.
അതേസമയം, കാർഷിക നിയമങ്ങൾക്കെതിരെ പ്രതിഷേധിക്കുന്നവർക്ക് പിന്തുണയുമായി ആയിരത്തിലധികം കർഷകർ ബുധനാഴ്ച അമൃത്സറിനടുത്തുള്ള ബിയാസ് പട്ടണത്തിൽ നിന്ന് ഡൽഹി അതിർത്തിയിലേക്ക് പുറപ്പെട്ടു.
കൊവിഡിനെ പിടിച്ചുകെട്ടാൻ മെയ് 15 വരെ സംസ്ഥാനത്ത് വാരാന്ത്യ ലോക്ഡൗൺ, രാത്രികാല കർഫ്യു എന്നിവ ഏർപ്പെടുത്തിയിട്ടുണ്ട്.