മുസാഫർനഗർ (ഉത്തർപ്രദേശ്): കർഷക നേതാവ് ഭാരതീയ കിസാൻ യൂണിയൻ (ബികെയു) ദേശീയ വക്താവുമായ രാകേഷ് ടികായതിന് വധഭീഷണി. ഞായറാഴ്‌ച (മാർച്ച് 27) രാവിലെ ഫോണിലൂടെ അജ്ഞാതർ തന്നെ വധിക്കുമെന്ന് ഭീഷണിപ്പെടുത്തിയതായി രാകേഷ് ടികായത് ആരോപിക്കുന്നു. സംഭവത്തെ തുടർന്ന് ടികായത് പൊലീസിൽ പരാതി നൽകി.
കർഷക പ്രക്ഷോഭം മുതൽ തനിക്കും കുടുംബാംഗങ്ങൾക്കും അജ്ഞാത നമ്പരുകളിൽ നിന്ന് ഭീഷണി സന്ദേശങ്ങൾ വരുന്നുണ്ടെന്നും ഭീഷണി സന്ദേശം കൂടാതെ ഫോണിലൂടെ അസഭ്യ വർഷം നടത്തുന്നുണ്ടെന്നും ടികായത് മാധ്യമപ്രവർത്തകരോട് പറഞ്ഞു. നേരത്തെയും പലതവണ പൊലീസിൽ പരാതിപ്പെട്ടെങ്കിലും നടപടി ഒന്നും ഉണ്ടായിട്ടില്ല. പൊലീസ് ഉടൻ നടപടി സ്വീകരിച്ചില്ലെങ്കിൽ തനിക്ക് ഭീഷണി സന്ദേശങ്ങൾ വരുന്ന എല്ലാ നമ്പരുകളും പരസ്യപ്പെടുത്തുമെന്നും ടികായത് പറഞ്ഞു.