അമൃത്സർ (പഞ്ചാബ്): അമൃത്സറിലെ അട്ടാരി അതിർത്തിക്കടുത്തുള്ള വയലിൽ നിന്ന് 7 കോടി രൂപ വിലമതിക്കുന്ന മയക്കുമരുന്ന് കണ്ടെടുത്തു. വെള്ളിയാഴ്‌ച (ഒക്‌ടോബർ 28) രാത്രി വയലിൽ നടക്കാനിറങ്ങിയ കർഷകനാണ് ഒരു പാക്കറ്റ് കണ്ടെത്തിയത്. കർഷകൻ വിവരം ബിഎസ്എഫ് സംഘത്തെ അറിയിച്ചു. സ്ഥലത്തെത്തിയ സംഘം ഒരു കിലോ ഹെറോയിൻ പാക്കറ്റിൽ നിന്നും കണ്ടെത്തി.
'ഉട്‌താ പഞ്ചാബി'നോട് സമാനമായി പാകിസ്ഥാനിൽ നിന്നും ഡ്രോൺ മുഖേന മയക്കുമരുന്ന് കടത്തുന്നതിന്‍റെ ഭാഗമാണിതെന്ന് അന്വേഷണ സംഘം പറഞ്ഞു. മയക്കുമരുന്ന് പരിശോധനക്കായി ലാബിലേക്ക് അയച്ചിട്ടുണ്ട്.
ഈ മാസത്തിൽ സമാനമായ നിരവധി സംഭവങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. ഒക്ടോബർ 18 ന് അമൃത്‌സറിലെ അന്താരാഷ്ട്ര അതിർത്തിയിൽ വച്ച് പാകിസ്ഥാൻ ഡ്രോൺ സുരക്ഷാ സേന വെടിവച്ചിട്ടിരുന്നു. തുടർന്ന് സംഭവസ്ഥലത്ത് നിന്ന് 2.5 കിലോയോളം മയക്കുമരുന്ന് അടങ്ങിയ ക്വാഡ്കോപ്റ്റർ പിന്നീട് കണ്ടെടുത്തു. അതിർത്തി ജില്ലയിലെ ഛാന ഗ്രാമത്തിലാണ് സംഭവം. പഞ്ചാബിൽ അതേ ആഴ്‌ച നടക്കുന്ന മൂന്നാമത്തെ സംഭവമായിരുന്നു ഇത്.
ഒക്‌ടോബർ 16ന്, മയക്കുമരുന്ന് കൊണ്ടുപോകുന്ന ആളില്ല വിമാനം (unmanned aerial vehicle) സമാനമായി നിർവീര്യമാക്കിയിരുന്നു. ഒക്‌ടോബർ 13,14 രാത്രിയിൽ പഞ്ചാബിലെ ഗുർദാസ്‌പുർ സെക്‌ടറിൽ മറ്റൊരു ക്വാഡ്‌കോപ്റ്റർ പാകിസ്ഥാൻ ഡ്രോൺ ബിഎസ്‌എഫ് വെടിവച്ചിട്ടിരുന്നു.