ഭോപാല്‍: കൊവിഡ് ബാധിച്ച് എട്ട് മാസത്തെ ചികിത്സയ്‌ക്ക് ശേഷം മധ്യപ്രദേശ് സ്വദേശിയായ കര്‍ഷകന് ചെന്നൈ അപ്പോളോ ആശുപത്രിയിൽ ദാരുണാന്ത്യം. 50കാരനായ ധരംജയ് സിങ് ആണ് ചൊവ്വാഴ്‌ച രാത്രി അപ്പോളോ ആശുപത്രിയിൽ മരണപ്പെട്ടത്. ദിവസേന മൂന്ന് ലക്ഷം രൂപ എന്ന നിലയില്‍, എട്ട് കോടിയോളം രൂപയാണ് ചികിത്സയ്ക്കായി കുടുംബം ചെലവഴിച്ചതെന്നാണ് റിപ്പോർട്ട്. ഇയാളുടെ ചികിത്സയ്ക്കായി കുടുംബം 50 ഏക്കർ സ്ഥലവും വിറ്റിരുന്നു.
കുടുംബം പറയുന്നതനുസരിച്ച്, മൗഗഞ്ച് പ്രദേശത്തെ രാക്രി ഗ്രാമത്തിൽ താമസിക്കുന്ന സിങ്ങിനെ കഴിഞ്ഞ വർഷം മെയ് 2ന് കൊവിഡ് പോസിറ്റീവ് കണ്ടെത്തി. തുടർന്ന് അദ്ദേഹത്തെ രേവയിലെ സഞ്ജയ് ഗാന്ധി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മസ്‌തിഷ്‌ക രക്തസ്രാവം ഉണ്ടാവുകയും നില വഷളാകുകയും ചെയ്‌തതിനാല്‍ സിങ്ങിനെ ഐസിയുവിൽ പ്രവേശിപ്പിച്ചു.
ആരോഗ്യനില മെച്ചപ്പെടാത്തതിനെ തുടർന്ന് മെയ് 18ന് അദ്ദേഹത്തെ വിമാന മാർഗം ചെന്നൈയിലേക്ക് കൊണ്ടുപോയി. അതിനുശേഷം അപ്പോളോയിൽ പ്രവേശിപ്പിച്ചു. സിങ്ങിന്‍റെ ശ്വാസകോശം 100 ശതമാനവും പ്രവര്‍ത്തന രഹിതമായെന്നും, ജീവൻ നിലനിര്‍ത്താന്‍ എക്‌സ്‌ട്രാകോർപോറിയൽ മെംബ്രൺ ഓക്‌സിനേഷന്‍ (ECMO) ഇട്ടുവെന്നും എന്നാൽ അദ്ദേഹത്തെ രക്ഷിക്കാനായില്ലെന്നും കുടുംബം പറഞ്ഞു.
ALSO READ: നടിയെ ആക്രമിച്ച കേസ്: ദിലീപിന്‍റെ ഗ്രാൻഡ് പ്രൊഡക്ഷൻ ഹൗസിലും ക്രൈംബ്രാഞ്ച് പരിശോധന
രാജ്യത്തിനകത്തും പുറത്തുമുള്ള ഡോക്‌ടർമാരുടെ സാന്നിധ്യത്തിലാണ് സിങ്ങിനെ ചികിത്സിച്ചിരുന്നതെന്നും അവർ പറഞ്ഞു. ലണ്ടനിലെ പ്രശസ്‌തരായ ഡോക്‌ടർമാർ അദ്ദേഹത്തെ കാണാൻ അപ്പോളോ ആശുപത്രിയിൽ വരുമായിരുന്നു. ഇതോടൊപ്പം മറ്റ് രാജ്യങ്ങളിലെ ഡോക്‌ടർമാരുമായി ഓൺലൈനിൽ കൂടിയാലോചന നടത്തിയിരുന്നു.
ലണ്ടനിലെ ഡോക്‌ടർമാരുടെ നിർദേശപ്രകാരമുള്ള പരിചരണത്തിലൂടെയാണ് എട്ട് മാസത്തോളം ജീവൻ നിലനിർത്തിയത്. വിന്ധ്യാസിലെ സ്ട്രോബെറിയുടെയും റോസാപ്പൂവിന്‍റെയും കൃഷിക്ക് സിങ് ഒരുപാട് അനുമോദനങ്ങള്‍ ഏറ്റുവാങ്ങിയിരുന്നു. 2021 ജനുവരി 26ന് പി ടി എസ് മൈതാനിയിൽ വെച്ച് മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാൻ അദ്ദേഹത്തെ ആദരിച്ചിരുന്നു.
കൊവിഡ് സമയത്ത് ആളുകളെ സേവിക്കുന്നതിനിടെയാണ് സിങ്ങിന് രോഗം ബാധിച്ചതെന്ന് കുടുംബം പറയുന്നു. കുടുംബത്തിന്‍റെ അപേക്ഷയെ തുടർന്ന് സംസ്ഥാന സർക്കാര്‍ 4 ലക്ഷം രൂപ സഹായം നല്‍കിയിരുന്നു.