ഖാർഗോൺ : കടബാധ്യതയും വിളനാശവും മൂലം മധ്യപ്രദേശിലെ ഖാർഗോൺ ജില്ലയിൽ കർഷകൻ ആത്മഹത്യ ചെയ്‌തു. ജിതേന്ദ്ര പാട്ടിദർ(37) ആണ് മരിച്ചത്. സ്വന്തം കൃഷിയിടത്തിലെ മരത്തിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നുവെന്ന് പൊലീസ് അറിയിച്ചു.
സംഭവം അറിഞ്ഞയുടനെ ജില്ല ഭരണകൂടത്തിന്‍റെയും കൃഷി വകുപ്പിന്‍റെയും ഉദ്യോഗസ്ഥ സംഘം സ്ഥലത്തെത്തി. ജിതേന്ദ്രയ്‌ക്ക് 18 ഏക്കർ ഭൂമി സ്വന്തമായുണ്ട്. എന്നാല്‍ മഴ കുറവായതിനാൽ കൃഷി പ്രതിസന്ധിയിലായിരുന്നു.
കൂടാതെ ബാങ്കിൽ നിന്നും സഹകരണ സംഘങ്ങളിൽ നിന്നും 12 ലക്ഷത്തോളം രൂപ വായ്‌പ എടുത്തിരുന്ന ഇയാൾ തിരിച്ചടക്കാനാകാതെ ഏറെ വിഷമത്തിലായിരുന്നുവെന്നും പൊലീസ് പറയുന്നു.
ALSO READ:കർഷക സമരം: രണ്ടു വർഷത്തിനിടെ 17 തവണ കർഷകർ ആക്രമിക്കപ്പെട്ടുവെന്ന് സഞ്‌ജയ് റാവത്ത്
ജീവനൊടുക്കുന്നതിന് മുമ്പ് അമ്മാവനായ ഭഗവാൻ പാട്ടിദാറെ ഇയാള്‍ ഫോണിൽ വിളിച്ച് സംസാരിച്ചിരുന്നു. സംശയം തോന്നിയ ഇയാൾ നേരിട്ടെത്തിയപ്പോൾ തൂങ്ങിമരിച്ച നിലയിലാണ് ജിതേന്ദ്രയെ കണ്ടത്.
സംഭവത്തിൽ അന്വേഷണം നടത്തിവരുന്നതായി പൊലീസ് അറിയിച്ചു. മൃതദേഹം പോസ്റ്റ്‌മോർട്ടത്തിന് ശേഷം കുടുംബത്തിന് വിട്ടുനൽകി.