ന്യൂഡൽഹി: കാർഷിക നിയമങ്ങളെക്കുറിച്ചുള്ള കർഷകരുടെ ആശങ്കകൾ പരിഹരിക്കുന്നതിനായി സുപ്രീംകോടതി നിയോഗിച്ച സമിതിയുടെ റിപ്പോർട്ട് ഇന്ന് കോടതിയിൽ സമർപ്പിച്ചു. ചീഫ് ജസ്റ്റിസ് എസ് എ ബോബ്ഡെ, ജസ്റ്റിസ് എ എസ് ബോപണ്ണ, ജസ്റ്റിസ് വി രാമസുബ്രഹ്മണ്യൻ എന്നിവരടങ്ങിയ ബെഞ്ച് ഈ വർഷം ജനുവരിയിൽ രൂപീകരിച്ച സമിതിയാണ് റിപ്പോർട്ട് സമർപ്പിച്ചത്.
അശോക് ഗുലാത്തി, പ്രമോദ് ജോഷി, ഹർസിമ്രത് മാൻ, അനിൽ ഘാൻവാട്ട്, ഭൂപീന്ദർ സിംഗ് മാൻ എന്നിവരടങ്ങിയ സമിതിയിൽ നിന്ന് നേരത്തെ ഭൂപീന്ദർ സിംഗ് മാൻ പിൻമാറിയിരുന്നു. സമിതിയിലെ അംഗങ്ങളെല്ലാം കാർഷിക നിയമങ്ങളെ പിന്തുണക്കുന്നവരാണെന്നും റിപ്പോർട്ട് പക്ഷപാതപരമാണെന്നും വാദിച്ച കർഷകർ സമിതിയെ അംഗീകരിച്ചിരുന്നില്ല. എന്നാൽ ഈ നിലപാടിനോട് യോജിക്കുന്നില്ലെന്നും കർഷകരുടെ ആശങ്കകൾ സമാഹരിക്കാനും കോടതിയെ അറിയിക്കാനും മാത്രമാണ് അവരെ നിയമിച്ചിട്ടുള്ളതെന്നും കോടതി വ്യക്തമാക്കിയിരുന്നു.
നിങ്ങൾക്ക് സർക്കാരിനു മുന്നിൽ ഹാജരാകാൻ കഴിയുമെങ്കിൽ എന്തുകൊണ്ട് ഞങ്ങളുടെ കമ്മിറ്റിക്ക് മുന്നിൽ ഹാജരാകാൻ കഴിയില്ല. നിങ്ങൾക്ക് പ്രശ്നം പരിഹരിക്കണമെങ്കിൽ അത് പരിഹരിക്കാം, മറിച്ച് പ്രശ്നം കൂടുതൽ സങ്കീർണമാക്കാനാണ് ആഗ്രഹിക്കുന്നതെങ്കിൽ നിങ്ങൾക്ക് അത് അനിശ്ചിതമായി ചെയ്യാൻ കഴിയും. ഞങ്ങൾ ഇത് പരിഹരിക്കനാണ് ആഗ്രഹിക്കുന്നത്- സിജെഐ വ്യക്തമാക്കി.
80ൽ അധികം കർഷക സംഘടനകളുടെയും കാർഷിക വിദഗ്ധരുടെയും നിർദേശങ്ങൾ കണക്കിലെടുത്ത് രണ്ട് മാസത്തിന് ശേഷം നൽകിയ റിപ്പോർട്ടിന്‍റെ വാദം ഏപ്രിൽ 5ന് കോടതി വീണ്ടും തുറന്നതിനുശേഷം പരിഗണിക്കും. അതേസമയം കാർഷിക നിയമങ്ങൾക്കെതിരെ കർഷകരുടെ പ്രതിഷേധം തുടരുകയാണ്.