ഭോപ്പാല്‍: മധ്യപ്രദേശില്‍ സമൂഹ വിവാഹത്തിനിടെ ആരോഗ്യ വകുപ്പ് കുടുംബാസൂത്രണ കിറ്റ് നല്‍കിയ സംഭവത്തെ ചൊല്ലി തര്‍ക്കം. ദമ്പതികള്‍ക്ക് നല്‍കിയ മേക്കപ്പ് കിറ്റില്‍ കുടുംബാസൂത്രണ കിറ്റ് കണ്ടെത്തിയതാണ് സംഘര്‍ഷത്തിന് കാരണമായത്. ഗര്‍ഭ നിരോധന ഗുളികകള്‍ അടങ്ങിയ കിറ്റാണ് ദമ്പതികള്‍ക്ക് വിതരണം ചെയ്‌തത്.
കഴിഞ്ഞ ദിവസമാണ് സംഭവം. തണ്ട്‌ലയില്‍ നടന്ന സമൂഹ വിവാഹത്തിലാണ് സംഘര്‍ഷം ഉണ്ടായത്. 292 ദമ്പതികളുടെ വിവാഹ ചടങ്ങിനിടെയാണ് സംഭവം. ദമ്പതികള്‍ക്ക് വിവാഹ ചടങ്ങിന് മുമ്പായി കുടുംബാസൂത്രണ കിറ്റ് വിതരണം ചെയ്യുന്നതില്‍ നിരവധി പേര്‍ എതിര്‍പ്പുമായി എത്തിയിരുന്നു. ഇതിന് പിന്നാലെ വിതരണം ചെയ്‌തതാണ് സംഘര്‍ഷത്തിന് കാരണമായത്.
സംഘര്‍ഷത്തില്‍ വിശദീകരണവുമായി ഉദ്യോഗസ്ഥര്‍: വിവാഹ ചടങ്ങിനിടെ കുടുംബാസൂത്രണ കിറ്റ് നല്‍കിയ സംഭവത്തിലുണ്ടായ നാട്ടുകാരുടെ സംഘര്‍ഷം അനാവശ്യമാണെന്നും ഇക്കാര്യത്തില്‍ എതിര്‍പ്പിന്‍റെ ആവശ്യമില്ലെന്നും പറഞ്ഞ ആരോഗ്യ പ്രവര്‍ത്തകര്‍ സംഘര്‍ഷം ഒഴിവാക്കി.
കുടുംബാസൂത്രണ കിറ്റുകള്‍ കുടുംബാസൂത്രണ പദ്ധതിയുടെ ഭാഗമാണെന്നും ഇത് ജനസംഖ്യ വർധനയുടെ പ്രശ്‌നം പരിഹരിക്കുന്നതിനാണെന്നും ജാബുവയിലെ സിഎംഎച്ച്ഒ ഡോ.ജെ.പി.എസ് താക്കൂർ പറഞ്ഞു. വിവാഹിതരാകുന്ന ദമ്പതികളെ ഇതിനെ കുറിച്ച് ബോധവാന്മാരാക്കേണ്ടതും ആരോഗ്യ വകുപ്പിന്‍റെ ഉത്തരവാദിത്തമാണെന്നും ഇതില്‍ തെറ്റില്ലെന്നും ഡോ.താക്കൂര്‍ പറഞ്ഞു.
ജനസംഖ്യ നിയന്ത്രണത്തിന്‍റെ പ്രാധാന്യത്തെ കുറിച്ച് ദമ്പതികളെ ബോധവത്കരിക്കാനുള്ള ശ്രമമാണ് കുടുംബാസൂത്രണ കിറ്റുകളുടെ വിതരണമെന്ന് ജില്ല സിഇഒ ഭുർസിങ് റാവത്തും പറഞ്ഞു. സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന പെണ്‍കുട്ടികളുടെ വിവാഹം നടത്തുന്നതിനായി മുഖ്യമന്ത്രി ശിവ്‌രാജ് സിങ് ചൗഹാന്‍ ആവിഷ്‌കരിച്ച പദ്ധതിയാണ് മുഖ്യമന്ത്രി കന്യാ വിവാഹ കാര്യക്രം യോജന. നിരവധി യുവതി യുവാക്കളാണ് പദ്ധതിയിലൂടെ വിവാഹിതരായത്.
സംസ്ഥാനത്ത് ഉടനീളമുള്ള മുഴുവന്‍ പഞ്ചായത്തുകളിലും 'മുഖ്യ മന്ത്രി കന്യാ വിവാഹ കാര്യക്രം' എന്ന പേരില്‍ സമൂഹ വിവാഹം നടക്കാറുണ്ട്.
ദമ്പതികള്‍ക്ക് കുടുംബാസൂത്രണ കിറ്റുകള്‍ നല്‍കി ഒഡിഷ സര്‍ക്കാര്‍: ഏതാനും മാസങ്ങള്‍ മുമ്പാണ് വിവാഹിതരാകുന്ന യുവതി യുവാക്കള്‍ക്ക് ഒഡീഷ സര്‍ക്കാര്‍ കുടുംബാസൂത്രണ കിറ്റുകള്‍ വിതരണം ചെയ്യാന്‍ തുടങ്ങിയത്. ദാമ്പത്യ ജീവിതത്തിന് തുടക്കം കുറിക്കുമ്പോള്‍ തന്നെ കുടുംബാസൂത്രണത്തെ കുറിച്ച് അവബോധം വളര്‍ത്താനായാണ് സര്‍ക്കാര്‍ ഇത്തരമൊരു പദ്ധതിക്ക് തുടക്കം കുറിച്ചത്.
നാഷണല്‍ ഹെല്‍ത്ത് മിഷന്‍റെ കീഴില്‍ 'നായി പഹല്‍ സ്‌കീം'എന്ന പേരിലാണ് പദ്ധതി ആരംഭിച്ചത്. കുടുംബാസൂത്രണ രീതികളെ കുറിച്ചുള്ള വിവരങ്ങള്‍ അടങ്ങുന്ന കൈപുസ്‌തകം, ഗര്‍ഭ നിരോധന ഗുളികകള്‍, വിവാഹ രജിസ്ട്രേഷന്‍ ഫോം, ഗര്‍ഭ നിരോധന മാര്‍ഗമായ കോണ്ടം, ഗര്‍ഭ പരിശോധന കിറ്റ്, ഗ്രൂമിങ് മെറ്റീരിയലുകളായ തൂവാല, നെയില്‍ കട്ടര്‍, കണ്ണാടി തുടങ്ങിയവയെല്ലാം അടങ്ങിയതാണ് കിറ്റ്.
നവദമ്പതികള്‍ക്ക് കുടുംബാസൂത്രണ കിറ്റ് വിതരണം ചെയ്യുന്നത് സോഷ്യല്‍ ഹെല്‍ത്ത് ആക്‌ടിവിസ്‌റ്റുകളാണ്. കിറ്റിലുള്ള വസ്‌തുക്കളുടെ ഉപയോഗ രീതികളെ കുറിച്ച് ആശ വര്‍ക്കര്‍മാര്‍ ദമ്പതികള്‍ക്ക് ബോധവത്‌കരണം നല്‍കും. ഇതിനെല്ലാം ആശ വര്‍ക്കര്‍മാര്‍ക്ക് പ്രത്യേക പരിശീലനവും സര്‍ക്കാര്‍ നല്‍കിയിട്ടുണ്ട്.