അംറോഹ: ഉത്തർപ്രദേശിലെ അംറോഹയിൽ അതി ദാരുണമായ അപകടത്തില്‍ ഒരു കുടുംബത്തിലെ അഞ്ച് പേർ മരിച്ചു. തണുപ്പിൽ നിന്ന് രക്ഷപ്പെടാൻ, ഒരു കുടുംബത്തിലെ ആളുകൾ മുറിയിൽ കൽക്കരി അടുപ്പ് കത്തിച്ച് ഉറങ്ങിയതാണ് അപകട കാരണം. കൽക്കരി അടുപ്പിൽ നിന്ന് പുറന്തള്ളിയ ഹാനികരമായ വാതകം ശ്വസിച്ച് ശ്വാസംമുട്ടിയാണ് മരണ കാരണമെന്നാണ് പ്രാഥമിക നിഗമനം.
അതേസമയം രണ്ടു പേരുടെ നില ഗുരുതരമായി തുടരുകയാണ്. ഇരുവരെയും ജില്ല ആശുപത്രിയിൽ പ്രവേശിപ്പിച്ചു. എല്ലാ മൃതദേഹങ്ങളും പോസ്റ്റ്‌മോർട്ടത്തിന് അയച്ച് പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. അംറോറയിലെ അല്ലിപൂർ ഭുദ് ഗ്രാമത്തിലെ റഹീസുദ്ദീന്‍റെ കുടുംബത്തിലാണ് ദാരുണ സംഭവമുണ്ടായത്. തിങ്കളാഴ്‌ച രാത്രി (09.01.24) കടുത്ത തണുപ്പുള്ളതിനാൽ കനൽ കത്തിച്ച് ഉറങ്ങിയതാണ് കുടുംബം. എന്നാൽ ചൊവ്വാഴ്ച പകൽ മുഴുവൻ കുടുംബാംഗങ്ങളിൽ നിന്നും അനക്കമൊന്നും ഉണ്ടായില്ല. ഇതോടെ അയൽവാസികൾ ആശങ്കയിലായി. റഹീസുദ്ദീന്റെ കുടുംബാംഗങ്ങൾ ആരും പുറത്തിറങ്ങാത്തതിനാൽ വീടിന്റെ വാതിലും അകത്ത് നിന്ന് പൂട്ടിയ നിലയിലായിരുന്നു.
ഇതേത്തുടർന്ന് അയൽവാസി വീടിന്റെ വാതിലിൽ മുട്ടിയെങ്കിലും വീട്ടുകാരാരും സംസാരിച്ചില്ല. ഇതോടെ അയൽവാസി നാട്ടുകാരെ വിവരം അറിയിച്ചു. പരിസരവാസികൾ തടിച്ചുകൂടി റഹീസുദ്ദീന്റെ വീടിന്റെ വാതിൽ തകർത്ത് അകത്ത് കയറിയപ്പോഴാണ് ദാരുണ സംഭവം അറിഞ്ഞത്. വീട്ടുകാരെ എല്ലാവരെയും ആശുപത്രിയില്‍ എത്തിച്ചെങ്കിലും അഞ്ച് പേർ മരിച്ചതായി ഡോക്ടമാർ സ്ഥിരീകരിച്ചു.
രണ്ടുപേരുടെ നില അതീവഗുരുതരമായതിനാൽ ജില്ല ആശുപത്രിയിലേക്ക് റഫർ ചെയ്തു. വിവരമറിഞ്ഞ് പൊലീസ് സ്ഥലത്തെത്തി എല്ലാവരുടെയും മൃതദേഹം ഏറ്റുവാങ്ങി പോസ്റ്റ്‌മോർട്ടത്തിന് അയച്ചു. മരിച്ച അഞ്ച് പേരിൽ രണ്ട് കുട്ടികളും ഉൾപ്പെട്ടിട്ടുണ്ടെന്ന് റഹിസുദ്ദീന്‍റെ അയൽവാസി പറഞ്ഞു. ശ്വാസം മുട്ടിയാണ് എല്ലാവരും മരിച്ചതെന്നാണ് കരുതുന്നത്. ഇവരുടെ വീട്ടിലെ മുറിയിൽ ഒരു കൽക്കരി അടുപ്പ് സൂക്ഷിച്ചിരുന്നു എന്നാണ് സൈദംഗലി പൊലീസ് പറയുന്നത്.