ന്യൂഡൽഹി : ഡിസംബർ മാസം മുതൽ പാചകവാതക സിലിണ്ടറുകളുടെ വില കുറയാൻ സാധ്യത. കൊവിഡിന്‍റെ വ്യതിയാനം വന്ന ഒമിക്രോൺ വകഭേദം കാരണം ലോകത്ത് കൊവിഡ് വ്യാപനം വർധിച്ചതിനാൽ ക്രൂഡ് ഓയിലിന്‍റെ വില അന്താരാഷ്‌ട്ര വിപണിയിൽ 2020 ഏപ്രിലിന് ശേഷമുള്ള ഏറ്റവും താഴ്‌ന്ന നിലയിലാണ്.
വെള്ളിയാഴ്‌ച ക്രൂഡ് ഓയിലിന്‍റെ വില ബാരലിന് 10 ഡോളർ കുറഞ്ഞിരുന്നു. വില അവലോകന വേളയിൽ എണ്ണ കമ്പനികൾ എൽപിജി സിലിണ്ടറുകളുടെ വില ഡിസംബർ മുതൽ കുറയ്ക്കുമെന്നാണ് പ്രതീക്ഷ.
അതേസമയം, ഇപിഎഫ്ഒ അക്കൗണ്ടുമായി ആധാർ ലിങ്ക് ചെയ്യുന്നതിനുള്ള സമയപരിധി നവംബർ 30 വരെ നീട്ടി. ഇതിനുള്ളില്‍ ആധാർ നമ്പർ ബന്ധിപ്പിക്കാത്തവരുടെ അക്കൗണ്ടിലേക്ക് പിഎഫ് തുക നിക്ഷേപിക്കുന്നതായിരിക്കില്ല.
എംപ്ലോയീസ് ഡെപ്പോസിറ്റ് ലിങ്ക്ഡ് ഇൻഷുറൻസിനും(ഇഡിഎൽഐ) ആധാർ നമ്പർ ലിങ്ക് ചെയ്യൽ ഇപിഎഫ്ഒ നിർബന്ധമാക്കിയിട്ടുണ്ട്. അല്ലാത്ത പക്ഷം ജീവനക്കാർക്ക് പ്രീമിയം നിക്ഷേപിക്കാൻ കഴിയാതെ വരികയും 7 ലക്ഷം രൂപ വരെയുള്ള പോളിസി പരിരക്ഷ നഷ്‌ടപ്പെടുകയും ചെയ്യും.