ബെംഗളൂരു : എസ്‌പിയായി ആള്‍മാറാട്ടം നടത്തി തട്ടിയത് 1.75 കോടി രൂപ. വെങ്കിട്ട നാരായണ എന്നയാളുടെ പരാതിയില്‍ തലഘട്ടപൂർ പൊലീസ് കേസെടുത്ത് അന്വേഷണമാരംഭിച്ചു. ശ്രീനിവാസ് എന്ന പേരില്‍ എസ്‌പിയാണെന്ന് പരിചയപ്പെടുത്തിയയാളാണ് വന്‍ തുക കബളിപ്പിച്ച് മുങ്ങിയത്. പറ്റിക്കപ്പെട്ടു എന്ന് തിരിച്ചറിഞ്ഞതോടെ വെങ്കിട്ട നാരായണ പൊലീസിനെ സമീപിക്കുകയും തുടര്‍ന്ന് കേസെടുക്കുകയുമായിരുന്നു.
സംഭവം ഇങ്ങനെ : ബെംഗളൂരുവിൽ സെക്കൻഡ് ഹാൻഡ് കാറുകൾ വിൽക്കുന്ന വെങ്കിട്ട നാരായണ 2022-ൽ ആണ് ശ്രീനിവാസ് എന്നയാളെ പരിചയപ്പെടുന്നത്. ബെംഗളൂരു സൗത്ത് ഡിവിഷനിലെ എസ് പിയാണെന്നാണ് ഇയാള്‍ പരിചയപ്പെടുത്തിയത്. ഇത്തരത്തില്‍ വെങ്കിട്ട നാരായണയുമായി ഇയാള്‍ സൗഹൃദം സ്ഥാപിച്ചു.
ഒരിക്കൽ, മൈസൂരിൽ ഭൂമി വ്യവഹാര കേസ് കൈകാര്യം ചെയ്യുകയാണെന്ന് ശ്രീനിവാസ് വെങ്കിട്ട നാരായണയോട് പറഞ്ഞു. കേസ് വിജയിച്ചാൽ 450 കോടിയിൽ 250 കോടി തന്‍റെ കയ്യിൽ വരുമെന്നും നിലവിൽ റവന്യൂ വകുപ്പിന്‍റേതാണ് ഭൂമിയെന്നുമാണ് ഇയാള്‍ വിശദീകരിച്ചത്. എന്നാൽ നിലവിൽ കേസ് നടത്താൻ പണം ആവശ്യമാണെന്നും ഇതിനായി 2.5 കോടി രൂപ സമാഹരിക്കാന്‍ സഹായിക്കണമെന്നും ഇയാള്‍ ആവശ്യപ്പെട്ടു. വിശ്വാസ്യത തോന്നിക്കാൻ വെങ്കിട്ട നാരായണയ്‌ക്കൊപ്പം ശ്രീനിവാസും സുഹൃത്തുക്കളും കാറിൽ തിരുപ്പതിക്ക് നിരവധി തവണ യാത്ര നടത്തുകയും ചെയ്‌തിരുന്നു.
ശ്രീനിവാസ് പറഞ്ഞ കഥകൾ അതുപോലെ വിശ്വസിച്ച വെങ്കിട്ട നാരായണ പലതവണയായി ശ്രീനിവാസിന് പണം നൽകി. തികയാതെ വന്ന പണം സുഹൃത്തുക്കളിൽ നിന്ന് സ്വരുക്കൂട്ടി നല്‍കുകയും ചെയ്‌തു.
ശേഷിക്കുന്ന തുക കൂടി നൽകാനിരിക്കെയാണ് താന്‍ തട്ടിപ്പിന് ഇരയാവുകയാണെന്ന് വെങ്കിട്ട നാരായണയ്ക്ക് തോന്നിയത്. പലപ്പോഴും ഇടപാടുകളില്‍ വ്യക്തത വരുത്താനോ കൃത്യമായ മറുപടികള്‍ നല്‍കാനോ ശ്രീനിവാസ് കൂട്ടാക്കിയിരുന്നില്ല. ഇതോടെയാണ് സംശയം ജനിച്ചത്. തുടര്‍ന്ന് നിരന്തരം ബന്ധപ്പെട്ടെങ്കിലും ഇയാളുടെ ഫോണ്‍ സ്വിച്ച്ഡ് ഓഫ് ആയി. സുഹൃത്തുക്കളിൽ നിന്ന് പണം വാങ്ങിയ വെങ്കിട്ട നാരായണ പ്രശ്‌നത്തിലായതോടെയാണ് പൊലീസിൽ പരാതിയുമായി എത്തുന്നത്.
Also Read: മഹാരാഷ്‌ട്രയില്‍ കുഴല്‍ക്കിണറില്‍ വീണ അഞ്ചുവയസുകാരന് ദാരുണാന്ത്യം
സംഭവത്തിൽ തലഘട്ടപൂർ പൊലീസ് സമഗ്രമായ അന്വേഷണം ആരംഭിച്ചു. ശ്രീനിവാസ് എന്ന് പരിചയപ്പെടുത്തിയയാള്‍ ഒളിവിലാണെന്ന് പൊലീസ് അറിയിച്ചു. ബെംഗളൂരുവിൽ സമാന സംഭവങ്ങൾ ഇതിന് മുമ്പും ഉണ്ടായിട്ടുണ്ട്. ഈ കേസുകൾ തമ്മിൽ ബന്ധം ഉണ്ടോ എന്ന കാര്യവും അന്വേഷണസംഘം പരിശോധിക്കുന്നുണ്ട്.
‘റൈസ് പുള്ളർ’ ഇറിഡിയം കോപ്പർ ലോഹത്തിന്‍റെ പേരിൽ തട്ടിപ്പ് : അദ്ഭുത ശേഷിയുണ്ടെന്ന് അവകാശപ്പെടുന്ന ‘റൈസ് പുള്ളർ’ ഇറിഡിയം കോപ്പർ ലോഹം കൈവശമുണ്ടെന്നും കുറഞ്ഞ വിലയിൽ നൽകാമെന്ന് പറഞ്ഞ് ബെംഗളൂരുവിൽ തട്ടിപ്പ് നടത്തിയ 8 പേര്‍ക്കെതിരെ പൊലീസ് കഴിഞ്ഞ ദിവസം കേസെടുത്തിരുന്നു. ഒട്ടേറെ പേരിൽ നിന്നായി 35 ലക്ഷം രൂപയാണ് സംഘം തട്ടിയെടുത്തത്. രാജേഷ്, മുഹമ്മദ് ഗൗസ് പാഷ, നയീം, സാഹിൽ, ശ്രീനിവാസ് , വികാസ്, കുമാർ, ശ്രീവത്സൻ എന്നീ ബെംഗളൂരു സ്വദേശികൾക്ക് എതിരെയാണ് ഹലസൂരു പൊലീസ് കേസെടുത്തത്. ഇവർ ഒളിവിലാണെന്നും തെരച്ചിൽ തുടരുകയാണെന്നും ഉദ്യോഗസ്ഥര്‍ അറിയിച്ചു.