അമൃത്‌സര്‍: പഞ്ചാബ് അമൃത്‌സര്‍ സുവര്‍ണക്ഷേത്രത്തിന് (ദര്‍ബാര്‍ സാഹിബ്) സമീപം സ്‌ഫോടനം. ഇന്നലെ രാത്രിയിലാണ് സംഭവം. സ്‌ഫോടനത്തിന് പിന്നാലെ നിരവധി പേരെ നിസാര പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
പ്രദേശത്ത് ഉണ്ടായത് ബോംബ് സ്‌ഫോടനമല്ലെന്നും പ്രദേശത്തുണ്ടായിരുന്ന ഭക്ഷണശാലയുടെ ചിമ്മനിപൊട്ടിത്തെറിച്ചതാണെന്നും പൊലീസ് വ്യക്തമാക്കി. 'ദർബാർ സാഹിബിന് പുറത്തുള്ള പാർക്കിങ് ഏരിയയില്‍ ഒരു കൂറ്റൻ കണ്ണാടി സ്ഥാപിച്ചിരുന്നു, അത് പൊട്ടിത്തെറിച്ചു. ബോംബ് സ്‌ഫോടനവുമായി ബന്ധപ്പെട്ട ഒരു വസ്‌തുവും പ്രദേശത്ത് നടത്തിയ അന്വേഷണത്തില്‍ കണ്ടെത്തിയിട്ടില്ല.
പാര്‍ക്കിങ് ലോട്ടിനോട് ചേര്‍ന്ന് ഒരു ഭക്ഷണശാല പ്രവര്‍ത്തിക്കുന്നുണ്ട്. ഇതിന്‍റെ ചിമ്മിനി ചൂടാകുകയും തുടര്‍ന്ന് ഒരു വാതകം രുപപ്പെടുകയും അതിന് പിന്നാലെ പൊട്ടിത്തെറി ഉണ്ടാകുകയുമായിരുന്നു എന്നാണ് പ്രാഥമിക നിഗമനം' -സംഭവ സ്ഥലം സന്ദര്‍ശിച്ച മുതിര്‍ന്ന പൊലീസ് ഉദ്യോഗസ്ഥന്‍ മാധ്യമങ്ങളോട് പറഞ്ഞു.
പൊടുന്നനെ സ്‌ഫോടനം ഉണ്ടാകുകയും പിന്നാലെ വലിയ തീപന്തം രൂപപ്പെടുന്നത് കണ്ടിരുന്നെന്നും ദൃക്‌സാക്ഷികള്‍ പറഞ്ഞു. ഇതിന് പിന്നാലെ പൊട്ടിത്തെറിച്ച ഗ്ലാസ് ഉള്‍പ്പടെയുള്ള വസ്‌തുക്കള്‍ വന്ന് തങ്ങളുടെ ദേഹത്ത് തറയ്‌ക്കുകയായിരുന്നെന്നും ഇവര്‍ വ്യക്തമാക്കി.