ബെംഗളൂരു: ചാമരാജ് പേട്ടയിലെ ട്രാൻസ്‌പോർട്ട് കമ്പനിയുടെ ഗോഡൗണില്‍ ഉണ്ടായ പൊട്ടിത്തെറിയില്‍ രണ്ട് മരണം. മൂന്ന് പേർക്ക് പരിക്കേറ്റു. ഒരാളുടെ നില ഗുരുതരമാണ്.
ബെംഗളൂരു സീതാപതി അഗ്രഹാരത്തിലെ ശ്രി മഹാകാളി അമ്മൻ ട്രാൻസ്‌പോർട്ട് കമ്പനിയുടെ ഗോഡൗണിലാണ് പൊട്ടിത്തെറിയുണ്ടായത്. മരിച്ചത് ഗോഡൗണിലെ ജീവനക്കാരനായ മനോഹർ, ഗോഡൗണിന് പുറത്തെ പഞ്ചർ വർക്ക് ഷോപ്പിലെത്തിയ അസ്‌ലം പാഷ എന്നിവരാണ്. വിവി പുരം പൊലീസും അഗ്‌നി രക്ഷാ സേനയും സ്ഥലത്ത് എത്തിയാണ് തീയണച്ച് സ്ഥിതി ശാന്തമാക്കിയത്.
പരിക്കേറ്റവരെ സമീപത്തെ ആശുപത്രികളിലേക്ക് മാറ്റി. പൊട്ടിത്തെറിയുടെ കാരണം വ്യക്തമായിട്ടില്ലെന്നാണ് ബെംഗളൂരു സൗത്ത് ഡിസിപി ഹരിഷ് പാണ്ഡെ മാധ്യമങ്ങളോട് പറഞ്ഞത്. പൊട്ടിത്തെറിക്ക് കാരണമായേക്കാവുന്ന പെട്രോളിയം ഉല്‍പ്പന്നങ്ങൾ ഒന്നും തന്നെ ഗോഡൗണില്‍ ഉണ്ടായിരുന്നല്ലെന്ന് പ്രാഥമിക അന്വേഷണത്തിന് ശേഷം പൊലീസ് വ്യക്തമാക്കി.
ഫൊറൻസിക് സംഘം എത്തി പരിശോധന നടത്തിയ ശേഷമേ അപകട കാരണം വ്യക്തമാകൂ എന്നും ഡിസിപി ഹരിഷ് പാണ്ഡെ പറഞ്ഞു. സെപ്റ്റംബർ 21ന് ദേവരചിക്കനഹള്ളിയിലെ അപ്പാർട്ട്‌മെന്‍റിലുണ്ടായ തീപിടിത്തത്തില്‍ രണ്ട് പേർ മരിച്ചിരുന്നു. നിരവധി പേർക്കാണ് അന്ന് തീപിടിത്തത്തില്‍ പരിക്കേറ്റത്.
read more: 66കാരിയായ വിധവയെ ജീവിതസഖിയാക്കി 79കാരനായ റിട്ട. അധ്യാപകന്‍