ദിഘ (പശ്ചിമ ബംഗാള്‍) : കിഴക്കൻ ഇന്ത്യയിലെ ഏറ്റവും വലിയ കടല്‍ മീൻ ലേല കേന്ദ്രമായ ദിഘ അഴിമുഖത്ത് വില്‍പനക്കെത്തി തേലിയ ഭോല മത്സ്യങ്ങള്‍. 22 തേലിയ ഭോല മത്സ്യങ്ങളെയാണ് ഇന്ന് (08.10.2022) ഒരു തൊഴിലാളി എത്തിച്ചത്. ഇവയ്ക്ക് വിപണിയില്‍ ഒരു കോടി രൂപയോളം വില വരും.
ഭുബൻ ബേരയിൽ നിന്നുള്ള ഒരു മീന്‍പിടുത്തക്കാരനാണ് 22 തേലിയ ഭോല മത്സ്യങ്ങളെ ചന്തയിലെത്തിച്ചത്. ഇവയ്ക്ക് ഓരോന്നിനും 20 മുതല്‍ 22 കിലോഗ്രാം വരെ ഭാരമുണ്ട്. അതേസമയം ഈ മത്സ്യങ്ങള്‍ കിലോയ്ക്ക് 14,800 രൂപ നിരക്കില്‍ കൊൽക്കത്തയിലെ ഒരു കമ്പനി ലേലമുറപ്പിച്ച് കഴിഞ്ഞു. മാധ്യമങ്ങളില്‍ ഇതുസംബന്ധിച്ച് വാര്‍ത്തകള്‍ വരുന്നത് വരെ 65 ലക്ഷം രൂപ വരെയായിരുന്നു വിപണി മൂല്യമെങ്കില്‍ പിന്നീട് വില കുത്തനെ ഉയരുകയായിരുന്നു.
ഈ വലിയ മത്സ്യങ്ങളെ കാണാൻ വിനോദസഞ്ചാരികളും വ്യാപാരികളും ഒഴുകിയെത്തുന്നുണ്ട്. വിലകൂടിയ തേലിയ ഭോല മത്സ്യങ്ങളെ ഇന്ത്യയില്‍ നിന്ന് വിദേശത്തേക്ക് കയറ്റുമതി ചെയ്യുന്നുണ്ട്. ജീവൻ രക്ഷാമരുന്നുകള്‍ നിര്‍മിക്കാന്‍ സഹായകമാകുന്ന ഈ മത്സ്യത്തിന് അതുകൊണ്ടുതന്നെ ലോകത്താകമാനമുള്ള മാര്‍ക്കറ്റുകളില്‍ വലിയ ഡിമാന്‍ഡുമാണ്.