ബങ്കുറ: പശ്ചിമ ബംഗാൾ മുന്‍ മന്ത്രിയും ബി.ജെ.പി നേതാവുമായ ശ്യാമപ്രസാദ് മുഖർജി അറസ്റ്റില്‍. 10 കോടി രൂപയുടെ സാമ്പത്തിക ക്രമക്കേട് നടത്തിയതിനാണ് ഇയാള്‍ ഞായറാഴ്‌ച പിടിയിലായത്. നേരത്തേ, തൃണമൂല്‍ കോണ്‍ഗ്രസ് പാര്‍ട്ടി നേതാവായിരുന്ന ഇദ്ദേഹം ബിഷ്‌ണുപൂര്‍ മണ്ഡലത്തില്‍ നിന്നുമാണ് നിയമസഭയിലെത്തിയത്.
2020 ൽ തദ്ദേശ സ്വയംഭരണ സ്ഥാപനത്തിന്‍റെ ചെയർമാനായിരുന്നപ്പോൾ ഇ-ടെൻഡറിങുമായി ബന്ധപ്പെട്ട പദ്ധതിയില്‍ ശ്യാമപ്രസാദ് സാമ്പത്തിക ക്രമക്കേട് നടത്തി. ചോദ്യങ്ങൾക്ക് തൃപ്‌തികരമായ ഉത്തരം നൽകാന്‍ ബി.ജെ.പി നേതാവിന് കഴിഞ്ഞില്ല. തുടര്‍ന്നാണ്, ഇയാളെ അറസ്റ്റ് ചെയ്തതെന്ന് ബങ്കുറ എസ്.പി ധൃതിമാൻ സർക്കാർ അറിയിച്ചു.
സംസ്ഥാന നിയമസഭ തെരഞ്ഞെടുപ്പിന് മുന്‍പാണ് മുഖർജി ബി.ജെ.പിയില്‍ ചേര്‍ന്നതെന്നും പാര്‍ട്ടിയില്‍ സജീവമായി പ്രവര്‍ത്തിച്ചിരുന്നില്ലെന്നും ബി.ജെ.പിയുടെ ബിഷ്‌ണുപൂർ ജില്ല പ്രസിഡന്‍റ് സുജിത് അഗസ്‌തി പറഞ്ഞു. ഇപ്പോള്‍ ഉയര്‍ന്ന ആരോപണങ്ങൾ അദ്ദേഹം തൃണമൂൽ കോൺഗ്രസിൽ പ്രവര്‍ത്തിച്ചിരുന്ന കാലത്തുള്ളതാണ്. എന്നിട്ടും, സര്‍ക്കാര്‍ ഇപ്പോഴാണോ ഉണര്‍ന്നതെന്ന് സുജിത് അഗസ്തി ചോദിച്ചു.