മുംബൈ: കള്ളപ്പണം വെളുപ്പിക്കൽ കേസിൽ അറസ്റ്റിലായ മുൻ മന്ത്രി അനിൽ ദേശ്‌മുഖിനെ 14 ദിവസത്തെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു. സ്‌പെഷ്യൽ കോടതിയുടേതാണ് ഉത്തരവ്.
കേസ് അന്വേഷിക്കുന്ന എൻഫോഴ്‌സ്‌മെന്‍റ് ഡയറക്‌ടറേറ്റ് ഒമ്പത് ദിവസത്തെ കൂടി കസ്റ്റഡി കാലാവധി ആവശ്യപ്പെട്ടെങ്കിലും കോടതി ആവശ്യം നിരസിക്കുകയായിരുന്നു. തുടർന്നാണ് അനിൽ ദേശ്‌മുഖിനെ 14 ദിവസത്തെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടത്.
കള്ളപ്പണക്കേസുമായി ബന്ധപ്പെട്ട് നവംബർ ഒന്നിനാണ് അനിൽ ദേശ്‌മുഖിനെ ഇഡി അറസ്റ്റു ചെയ്യുന്നത്. ചൊവ്വാഴ്‌ച ദേശ്‌മുഖിനെ നവംബർ ആറ് വരെ ഇഡി കസ്റ്റഡിയിൽ വിട്ടിരുന്നു. ഇഡി കസ്റ്റഡി കാലാവധി കഴിയുന്ന സാഹചര്യത്തിലാണ് ദേശ്‌മുഖിനെ കോടതിയിൽ ഹാജരാക്കിയത്.
സാമ്പത്തിക തട്ടിപ്പ് നടത്തിയതായി മുംബൈ പൊലീസ് കമ്മിഷണർ പരം ബീർ സിങ് ഉന്നയിച്ച ആരോപണത്തെ തുടർന്നാണ് അനിൽ ദേശ്‌മുഖ് അറസ്റ്റിലാകുന്നത്. ആഭ്യന്തര മന്ത്രിയായിരിക്കെ, പിരിച്ചുവിട്ട അസിസ്റ്റന്‍റ് ഇൻസ്പെക്ടർ സച്ചിൻ വാസെയോട് മുംബൈയിലെ ഹോട്ടലുകളിൽ നിന്നും ബാറുകളിൽ നിന്നും പ്രതിമാസം 100 കോടി രൂപ പിരിക്കാൻ അനിൽ ദേശ്‌മുഖ് ആവശ്യപ്പെട്ടതായി ഇദ്ദേഹം ആരോപിച്ചിരുന്നു.
സിബിഐ എടുത്ത അഴിമതിക്കേസിന്‍റെ അടിസ്ഥാനത്തിലാണ് ദേശ്‌മുഖിനും മറ്റുള്ളവര്‍ക്കുമെതിരെ കേസ് രജിസ്റ്റർ ചെയ്‌തത്.
READ MORE: കള്ളപ്പണം വെളുപ്പിക്കൽ കേസ് : അനിൽ ദേശ്‌മുഖ് നവംബർ 6 വരെ ഇഡി കസ്റ്റഡിയിൽ