ന്യൂഡൽഹി: ബിജെപി സർക്കാരുകൾ ശുഷ്‌കാന്തിയോടെ പ്രചരിപ്പിക്കുന്ന വിദ്വേഷത്തിന്‍റെ രാഷ്‌ട്രീയം അവസാനിപ്പിക്കണമെന്ന ആവശ്യമുന്നയിച്ച് പ്രധാനമന്ത്രിക്ക് കത്തെഴുതി 100ലധികം മുൻ സിവിൽ ഉദ്യോഗസ്ഥർ. രാജ്യത്ത് വിദ്വേഷം നിറഞ്ഞ നാശത്തിന് നാം സാക്ഷ്യം വഹിക്കുകയാണ്. അതിന്‍റെ ബലിപീഠത്തിൽ മുസ്ലീങ്ങളും മറ്റ് ന്യൂനപക്ഷ സമുദായങ്ങളിലെ അംഗങ്ങളും മാത്രമല്ല, ഭരണഘടനയുമുണ്ടെന്നും പ്രധാനമന്ത്രിക്കെഴുതിയ തുറന്ന കത്തിൽ മുൻ സിവിൽ ഉദ്യോഗസ്ഥർ പറയുന്നു.
ഡൽഹി മുൻ ലഫ്റ്റനന്‍റ് ഗവർണർ നജീബ് ജംഗ്, മുൻ ദേശീയ സുരക്ഷ ഉപദേഷ്ടാവ് ശിവശങ്കർ മേനോൻ, മുൻ വിദേശകാര്യ സെക്രട്ടറി സുജാത സിങ്, മുൻ ആഭ്യന്തര സെക്രട്ടറി ജി.കെ പിള്ള, മുൻ പ്രധാനമന്ത്രി മൻമോഹൻ സിങ്ങിന്‍റെ പ്രിൻസിപ്പൽ സെക്രട്ടറി ടി.കെ.എ നായർ എന്നിവരടക്കം 108 പേരാണ് കത്തിൽ ഒപ്പിട്ടിരിക്കുന്നത്. മുൻ സിവിൽ സർവീസ് ഉദ്യോഗസ്ഥർ എന്ന നിലയിൽ അത്തരം തീവ്രമായ വാക്കുകളിൽ സ്വയം അടയാളപ്പെടുത്താൻ ഞങ്ങൾ ആഗ്രഹിക്കുന്നില്ല. എന്നാൽ നമ്മുടെ സ്ഥാപക പിതാക്കന്മാർ സൃഷ്‌ടിച്ച ഭരണഘടന നശിപ്പിക്കുന്നതിന്‍റെ വേഗത രോഷവും വേദനയും പ്രകടിപ്പിക്കാൻ പ്രേരിപ്പിക്കുയാണെന്നും കത്തിൽ പറയുന്നു.
അസം, ഡൽഹി, ഗുജറാത്ത്, ഹരിയാന, കർണാടക, മധ്യപ്രദേശ്, ഉത്തർപ്രദേശ്, ഉത്തരാഖണ്ഡ് എന്നിങ്ങനെ ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളിൽ കഴിഞ്ഞ ഏതാനും വർഷങ്ങളിൽ ന്യൂനപക്ഷ സമുദായങ്ങൾക്കെതിരെ പ്രത്യേകിച്ച് മുസ്ലീങ്ങൾക്കെതിരെയുള്ള വിദ്വേഷ അക്രമങ്ങൾ വർധിച്ചു. ഇത് രാജ്യത്ത് ഭയപ്പെടുത്തുന്ന ഒരു പുതിയ മാനം നൽകിയിരിക്കുകയാണെന്നും കത്തിൽ സൂചിപ്പിക്കുന്നു.
ന്യൂനപക്ഷങ്ങൾക്കെതിരെയുള്ള ഭീഷണി മുൻപ് ഉണ്ടാകാത്തതാണ്. ഇത് ഭരണഘടനാപരമായ ധാർമികതയും പെരുമാറ്റവും മാത്രമല്ല അപകടത്തിലാക്കുന്നത്. നമ്മുടെ ഭരണഘടന വളരെ സൂക്ഷ്‌മമായി സംരക്ഷിക്കാൻ രൂപകൽപ്പന ചെയ്തിട്ടുള്ള അതുല്യമായ സമന്വയ സാമൂഹിക ഘടന ശിഥിലമാകാനും സാധ്യതയുണ്ടെന്നും മുൻ ഉദ്യോഗസ്ഥർ വ്യക്തമാക്കി.
ഈ വലിയ സാമൂഹിക ഭീഷണിയുടെ മുന്നിലെ താങ്കളുടെ മൗനം ഭയപ്പെടുത്തുന്നതാണ്. 'സബ്‌കാ സാത്ത്, സബ്‌കാ വികാസ്, സബ്‌കാ വിശ്വാസ്' എന്ന നിങ്ങളുടെ വാഗ്‌ദാനം മനസിലാക്കിക്കൊണ്ട് ബിജെപി സർക്കാരിന്‍റെ വിദ്വേഷത്തിന്‍റെ രാഷ്ട്രീയം അവസാനിപ്പിക്കാൻ നിങ്ങൾ ആഹ്വാനം ചെയ്യുമെന്ന് ഞങ്ങൾ പ്രതീക്ഷിക്കുന്നുവെന്നും കത്തിൽ പറയുന്നു.