ഹൈദരാബാദ്: ഹൈദരാബാദ് മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ തെരഞ്ഞെടുപ്പിനിടെ വിവാദ പ്രസ്താവനയുമായി ബിജെപി ബെംഗളൂരു സൗത്ത് എംപി തേജസ്വി സൂര്യ രംഗത്ത്. എഐഐഎം മേധാവി അസദുദ്ദീൻ ഒവൈസി സംരക്ഷിക്കാൻ ശ്രമിക്കുന്ന ഓരോ രോഹിംഗ്യ അഭയാരഥികളേയും രാജ്യത്ത് നിന്നും പുറത്താക്കുമെന്ന് അദ്ദേഹം പറഞ്ഞു.
രാജ്യത്തിനകത്ത് നിയമവിരുദ്ധമായി താമസിക്കുന്ന ഓരോ നുഴഞ്ഞുകയറ്റക്കാരനെയും നീക്കംചെയ്യണം. അതിൽ യാതൊരു സംശയവുമില്ല. ഒവൈസിയുടെ സ്വപ്നരാജ്യം വരാതിരിക്കട്ടെ. അദ്ദേഹം സംരക്ഷിക്കാൻ ശ്രമിക്കുന്ന ഓരോ റോഹിംഗ്യകാരേയും തങ്ങള്‍ പുറത്താക്കുമെന്ന് ബിജെപി നേതാവ് പറഞ്ഞു.
ഹൈദരാബാദിലെ ഹിന്ദു കോളനികള്‍ ഇല്ലാതാകുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഹൈദരാബാദിന്‍റെ പേര് ഭാഗ്യനഗര്‍ എന്നാക്കണമെന്ന അദ്ദേഹത്തിന്‍റ വാദത്തെ കുറിച്ചുള്ള മാധ്യമങ്ങളുടെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു അദ്ദേഹം. ഹൈദരാബദിലെ ഹിന്ദു കോളനികള്‍ ഇല്ലാതാകാന്‍ കാരണം ഒവൈസിയുടെ രാഷ്ട്രീയമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
അതേസമയം, ബിജെപിയുടെ നേതൃത്വത്തിലുള്ള കേന്ദ്രസർക്കാർ സംസ്ഥാനത്തിന് ധനസഹായം നൽകിയിട്ടില്ലെന്ന ഭരണകക്ഷിയായ ടിആർഎസിന്‍റ പ്രസ്താവന സൂര്യ തള്ളി. തെലങ്കാനക്ക് ഇതിനകം തന്നെ മതിയായ പണം നല്‍കിയിട്ടുണ്ട്. ആദ്യം, തെലങ്കാന സർക്കാർ പണം എങ്ങനെ ചെലവഴിച്ചുവെന്നും എവിടെയാണ് ചെലവഴിച്ചതെന്നും ഒരു കണക്ക് നൽകണം. മുഖ്യമന്ത്രി കെ ചന്ദ്രശേഖർ റാവുവിനോട് അടുത്ത കരാറുകാർക്ക് മാത്രമാണ് ഫണ്ടിൽ നിന്ന് പ്രയോജനം ലഭിക്കുന്നതെന്ന് ജനങ്ങൾക്ക് അറിയാമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.