മുംബൈ : ശിവസേനയിലെ വിമത നീക്കത്തിനെതിരെ പൊരുതുന്നതില്‍ നിന്ന് തന്നെ പിന്തിരിപ്പിക്കാന്‍ ബിജെപി നേതൃത്വത്തിലുള്ള കേന്ദ്ര സര്‍ക്കാറിന്‍റെ ഗൂഢാലോചനയാണ് ഇ.ഡി നടപടിക്ക് പിന്നിലെന്ന് സഞ്‌ജയ് റാവത്ത്. തന്‍റെ തല പോകുന്ന സാഹചര്യം ഉണ്ടായാലും ഗുവാഹത്തിയിലേക്കുള്ള വഴി തിരഞ്ഞെടുക്കില്ലെന്ന് അദ്ദേഹം പ്രതികരിച്ചു. എക്‌നാഥ് ഷിന്‍ഡെയുടെ നേതൃത്വത്തിലുള്ള വിമത ശിവസേന എംഎല്‍എമാര്‍ അസം തലസ്ഥാനമായ ഗുവാഹത്തിയിലാണ് ഇപ്പോള്‍ തങ്ങുന്നത്.
ഇതിന്‍റെ പശ്ചാത്തലത്തിലാണ് ട്വിറ്ററിലൂടെയുള്ള സഞ്‌ജയ് റാവത്തിന്‍റെ പ്രതികരണം. മുംബൈയിലെ പത്ര ചവല്‍ ഭൂമി കുംഭകോണവുമായി ബന്ധപ്പെട്ട കേസിലാണ് സഞ്‌ജയ് റാവത്തിന് ഇ.ഡി നോട്ടിസ് ലഭിച്ചിരിക്കുന്നത്. ചൊവ്വാഴ്‌ച (28.06.2022) രാവിലെ 11 മണിക്ക് മുംബൈയിലെ ഇ.ഡിയുടെ മേഖല ഓഫിസില്‍ ഹാജരാവാനാണ് റാവത്തിനോട് ആവശ്യപ്പെട്ടിരിക്കുന്നത്.
കേസില്‍ സഞ്‌ജയ് റാവത്തിന്‍റെ ഭാര്യ വര്‍ഷ റാവത്തിന്‍റെയടക്കം ഉടമസ്ഥതയിലുള്ള 11.15 കോടി രൂപ വിലയുള്ള ആസ്ഥി ഇ.ഡി മരവിപ്പിച്ചിരുന്നു. സഞ്‌ജയ് റാവത്തിന്‍റെ സുഹൃത്തും വ്യവസായിയുമായ പ്രവീണ്‍ റാവത്തിന് പല തവണയായി 112 കോടി രൂപ 2008-10 കാലയളവില്‍ എച്ച്.ഡി.ഐ.എല്‍ എന്ന കമ്പനിയില്‍ നിന്ന് ലഭിച്ചു എന്നാണ് കേസ്.
ഈ പണം എന്തിന് ലഭിച്ചു എന്ന കാര്യം പ്രവീണ്‍ റാവത്തിന് വ്യക്തമാക്കാന്‍ സാധിച്ചിട്ടില്ല എന്ന് ഇഡി പറഞ്ഞു. കേസില്‍ പ്രവീണ്‍ റാവത്തിനെ മഹാരാഷ്‌ട്ര പൊലീസിന്‍റെ സാമ്പത്തിക കുറ്റകൃത്യാന്വേഷണ വിഭാഗം അറസ്‌റ്റ് ചെയ്‌തിരുന്നു. പ്രവീണ്‍ റാവത്തുമായുള്ള സഞ്‌ജയ് റാവത്തിന്‍റെ ബിസിനസ് ബന്ധത്തെ കുറിച്ചായിരിക്കും ചോദ്യം ചെയ്യല്‍ എന്നാണ് ഇ.ഡി അധികൃതര്‍ വ്യക്‌തമാക്കുന്നത്.