ന്യൂയോർക്ക്: ടെസ്‌ല സിഇഒ എലോൺ മസ്‌ക് ഉൾപ്പടെ യുഎസിലെ വിവിധ മേഖലകളിൽ നിന്നുള്ള പ്രമുഖ വ്യക്തികളുമായി കൂടിക്കാഴ്‌ച നടത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി. ചൊവ്വാഴ്‌ച (ജൂൺ 20) നടന്ന കൂടിക്കാഴ്‌ചക്കിടെ ഇന്ത്യയെക്കുറിച്ചുള്ള ടെസ്‌ല സിഇഒയുടെ വാക്കുകൾ ശ്രദ്ധ നേടുകയാണ്. ഇന്ത്യയുടെ ഭാവിയെക്കുറിച്ച് താൻ അവിശ്വസനീയമാംവിധം ആവേശഭരിതനാണെന്നാണ് എലോൺ മസ്‌കിന്‍റെ വാക്കുകൾ.
'മറ്റേതൊരു വലിയ രാജ്യത്തേക്കാളും ഇന്ത്യക്ക് കൂടുതൽ സാധ്യതകളുണ്ടെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ഭാവിയില്‍ ഇന്ത്യൻ വിപണിയിലേക്കുള്ള കടന്നുവരവിന്‍റെ സൂചനകളിലേക്കാണ് മസ്‌കിന്‍റെ വാക്കുകൾ വിരല്‍ ചൂണ്ടുന്നത്.
അതേസമയം തന്‍റെ ഉടമസ്ഥതയിലുള്ള സോഷ്യൽ മീഡിയ ഭീമനായ ട്വിറ്ററിന് പ്രാദേശിക ഭരണകൂടത്തെ പിന്തുടരുകയല്ലാതെ മറ്റ് മാർഗമില്ലെന്ന് മോദിയെ സന്ദർശിച്ചതിന് ശേഷം മാധ്യമ പ്രവർത്തകരോട് സംസാരിക്കവെ മസ്‌ക് പറഞ്ഞു. ട്വിറ്ററിന്‍റെ മുൻ ഉടമയും സിഇഒയുമായ ജാക്ക് ഡോർസി ഇന്ത്യൻ സർക്കാരിനെതിരെ അടുത്തിടെ നടത്തിയ ആരോപണത്തെക്കുറിച്ച് ചോദിച്ചപ്പോഴായിരുന്നു എലോൺ മസ്‌കിന്‍റെ മറുപടി.
'ട്വിറ്ററിന് പ്രാദേശിക ഭരണകൂടത്തെ പിന്തുടരുകയല്ലാതെ മറ്റ് മാർഗമില്ല. അല്ലെങ്കിൽ അത് അടച്ചുപൂട്ടും'- മസ്‌ക് പറഞ്ഞു. 'ഞങ്ങൾക്ക് ചെയ്യാൻ കഴിയുന്ന ഏറ്റവും മികച്ച കാര്യം ഏത് രാജ്യത്തും നിയമങ്ങൾ പാലിക്കുക എന്നതാണ്, അതിൽ കൂടുതൽ ചെയ്യുക അസാധ്യമാണ്' അദ്ദേഹം പറഞ്ഞു. വ്യത്യസ്‌ത രൂപത്തിലുള്ള ഗവൺമെന്‍റുകൾക്ക് വ്യത്യസ്‌തമായ നിയമങ്ങളും നിയന്ത്രണങ്ങളും ഉണ്ടെന്നും നിയമപ്രകാരം സാധ്യമായ ഏറ്റവും സ്വതന്ത്രമായ ആശയനിനിമയം സാധ്യമാക്കാൻ തങ്ങൾ പരമാവധി ശ്രമിക്കുമെന്നും മസ്‌ക് കൂട്ടിച്ചേർത്തു.
ടെസ്‌ല ഇന്ത്യൻ വിപണിയിലേക്ക് കടന്നുവരുമോ എന്ന ചോദ്യത്തിന്, അടുത്ത വർഷം രാജ്യം സന്ദർശിക്കാൻ പദ്ധതിയിടുന്നുണ്ടെന്നാണ് മസ്‌ക് മറുപടി നല്‍കിയത്. ടെസ്‌ല ഇന്ത്യയിൽ സംഭവിക്കുമെന്നും അത് എത്രയും വേഗം തന്നെ ഉണ്ടാകുമെന്നുമാണ് കരുതുന്നതെന്നും അദ്ദേഹം പറഞ്ഞു. പ്രധാനമന്ത്രിയുടെ പിന്തുണയ്ക്ക് നന്ദി പറയാൻ ആഗ്രഹിക്കുന്നുവെന്ന് പറഞ്ഞ അദ്ദേഹം ഇതുമായി ബന്ധപ്പെട്ട കൂടുതല്‍ പ്രഖ്യാപനം നടത്തുന്ന കാലം വിദൂരമല്ലെന്നും വ്യക്തമാക്കി.
ഇതിനിടെ പ്രത്യേക വീഡിയോ പ്രസ്‌താവനയിൽ, മസ്‌ക് മോദിയെ അഭിനന്ദിക്കുകയും ചെയ്‌തു. പ്രധാനമന്ത്രി മോദി ഇന്ത്യയെ ശരിക്കും ശ്രദ്ധിക്കുന്നുവെന്നും ഇന്ത്യയിൽ കാര്യമായ നിക്ഷേപം നടത്താൻ അദ്ദേഹം തങ്ങളെ പ്രേരിപ്പിക്കുന്നതായും മസ്‌ക് പറഞ്ഞു. “അദ്ദേഹം (മോദി) ഇന്ത്യയ്‌ക്കായി ശരിയായ കാര്യങ്ങൾ ചെയ്യാൻ ആഗ്രഹിക്കുന്നു. പുതിയ കമ്പനികളെ പിന്തുണയ്‌ക്കാനും അത് ഇന്ത്യയുടെ നേട്ടത്തിന് കാരണമാകുമെന്ന് ഉറപ്പാക്കാനും മോദി ആഗ്രഹിക്കുന്നു,” മസ്‌ക് ചൂണ്ടിക്കാട്ടി. പ്രധാനമന്ത്രിയുമായുള്ള ചർച്ച മികച്ചതാണെന്ന് പറഞ്ഞ മസ്‌ക് സൗരോർജ നിക്ഷേപത്തിനുള്ള ഇന്ത്യയുടെ സാധ്യതയും എടുത്തുപറഞ്ഞു.
മസ്‌കിനെ കൂടാതെ, ജ്യോതിശാസ്‌ത്രജ്ഞനും എഴുത്തുകാരനുമായ നീൽ ഡിഗ്രാസ് ടൈസൺ, നോബൽ സമ്മാന ജേതാവായ സാമ്പത്തിക ശാസ്‌ത്രജ്ഞൻ പോൾ റോമർ, എഴുത്തുകാരൻ നിക്കോളാസ് നാസിം തലേബ്, നിക്ഷേപകനായ റേ ഡാലിയോ എന്നിവരും കൂടിക്കാഴ്‌ചയില്‍ ഉൾപ്പെട്ടിരുന്നു. കോവിഡ് പാൻഡമിക്ക് കാലത്തെ ഇന്ത്യയുടെ നീക്കങ്ങളെയും വൈറസിനെ വളരെ കാര്യക്ഷമമായി നേരിട്ട രീതിയെയും അഭിനന്ദിച്ചതായി നിക്കോളാസ് നാസിം തലേബ് പ്രതികരിച്ചിരുന്നു.
യുഎസ് പ്രസിഡന്‍റ് ജോ ബൈഡന്‍റെയും പ്രഥമ വനിത ജിൽ ബൈഡന്‍റെയും ക്ഷണപ്രകാരമാണ് മോദി യുഎസ് സന്ദർശനം നടത്തുന്നത്. നൊബേൽ സമ്മാന ജേതാക്കൾ, സാമ്പത്തിക വിദഗ്ധർ, കലാകാരന്മാർ, ശാസ്ത്രജ്ഞർ, പണ്ഡിതർ തുടങ്ങി വിവിധ മേഖലകളിൽ നിന്നുള്ള വിദഗ്ധരുമായി മോദി കൂടിക്കാഴ്‌ച നടത്തും. സംരംഭകർ, അക്കാദമിക് - ആരോഗ്യ രംഗത്തെ വിദഗ്ധർ എന്നിവരെയും സന്ദർശിക്കും.
അതേസമയം യുഎൻ നേതൃത്വത്തിനൊപ്പം യുഎൻ ആസ്ഥാനത്ത് മോദി അന്താരാഷ്ട്ര യോഗ ദിനം (ജൂൺ 21) ആചരിക്കാനും തീരുമാനിച്ചിട്ടുണ്ട്. 188 രാജ്യങ്ങളുടെ പ്രതിനിധികൾ മോദി നേതൃത്വം നല്‍കുന്ന യോഗ സെഷന്‍റെ ഭാഗമാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. ആദ്യമായാണ് യുഎൻ ആസ്ഥാനത്ത് ഇത്തരത്തില്‍ ഒരു യോഗ സെഷൻ നടക്കുന്നത്.
ജൂൺ 22 ന് പ്രസിഡന്‍റ് ജോ ബൈഡനും പ്രഥമ വനിത ജിൽ ബൈഡനും മോദിയെ സ്റ്റേറ്റ് ഡിന്നറിനായി ക്ഷണിച്ചിട്ടുണ്ട്. ജൂൺ 22ന് യുഎസ് കോൺഗ്രസിന്‍റെ സംയുക്ത സമ്മേളനത്തിലും ഇന്ത്യൻ പ്രധാനമന്ത്രി പങ്കെടുക്കും.