ജയ്‌പൂര്‍: രാജസ്ഥാനിലെ ബര്‍മറില്‍ ട്രക്കും ബസും കൂട്ടിയിച്ച് 11 പേര്‍ മരിച്ചു. 22 പേര്‍ക്ക് പരിക്കേറ്റു. ബര്‍മര്‍-ജോധ്‌പൂര്‍ ദേശീയപാതയില്‍ ബന്ദിയാവാസ് ഗ്രാമത്തിനടത്താണ് അപകടമുണ്ടായത്. അപകടത്തിന് പിന്നാലെ ഇരു വാഹനങ്ങള്‍ക്കും തീ പിടിച്ചു.
'സംഭവസ്ഥലത്ത് നിന്ന് പത്ത് മൃതദേഹങ്ങള്‍ കണ്ടെടുത്തു. ഒരാള്‍ ആശുപത്രിയില്‍ വച്ചാണ് മരണമടഞ്ഞത്. 22 പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ഗുരുതരമായി പരിക്കേറ്റ 8 പേരെ ജോധ്‌പൂരിലേയ്ക്ക് ചികിത്സയ്ക്കായി മാറ്റി,' ബര്‍മര്‍ പൊലീസ് സൂപ്രണ്ട് ദീപക് ബര്‍ഗാവ് പറഞ്ഞു.
ബസ് നിറയെ യാത്രക്കാരുണ്ടായിരുന്നുവെന്ന് അപകടത്തില്‍ നിന്ന് രക്ഷപ്പെട്ട ബസ് യാത്രികരിലൊരാള്‍ പറഞ്ഞു. അപകടത്തിന് പിന്നാലെ അഞ്ച് അഗ്നിശമന സേന യൂണിറ്റുകള്‍ സംഭവ സ്ഥലത്തെത്തി തീയണച്ചു.
അപകടത്തില്‍ പരിക്കേറ്റവര്‍ക്ക് കൃത്യമായ ചികിത്സ ലഭിക്കുന്നുണ്ടെന്ന് ഉറപ്പ് വരുത്തണമെന്ന് രാജസ്ഥാന്‍ മുഖ്യമന്ത്രി അശോക് ഗെലോട്ട് ബര്‍മാര്‍ ജില്ല കലക്‌ടര്‍ക്ക് നിര്‍ദേശം നല്‍കി.
Also read: തിരക്കേറിയ റോഡില്‍ ഇരു ചക്രവാഹനങ്ങൾ ഇടിച്ചു തെറിപ്പിച്ച് ഓഡി കാർ, ഒരു മരണം: ഞെട്ടിക്കുന്ന ദൃശ്യം